പി​ണ​റാ​യി വി​ജ​യ​ൻ

കോഴിക്കോട്: ആദ്യ കളിയിൽ ക്യാപ്റ്റനും ടീമും മിന്നുംഫോമിലായിരുന്നു. എതിരാളികളെ വട്ടംകറക്കി മുന്നേറി. പ്രതിരോധത്തിലും ആക്രമണത്തിലും അറിയപ്പെടുന്ന താരങ്ങൾ. ദുർബലരായ എതിരാളികൾക്കെതിരെ ഗോളുകൾ ഒന്നിന് പിറകെ ഒന്നായി പിറന്നു. തകർപ്പൻ ജയത്തോടെ രണ്ടാം മത്സരത്തിലേക്ക്. ആദ്യ കളിയിലെ മുന്നേറ്റത്തോടെ ക്യാപ്റ്റന് കരുത്ത് കൂടി. ചില ഞെട്ടിക്കുന്ന തീരുമാനങ്ങളാണ് പിന്നെ ആരാധകർ കണ്ടത്. ആദ്യ കളിയിലെ താരങ്ങളെല്ലാം പുറത്ത്. സ്വന്തക്കാരനായ യുവതാരമടക്കം പുതിയ സംഘം. പഴയവർ ബെഞ്ചിലിരുന്നു. കളി പുരോഗമിക്കുംതോറും എതിരാളികൾക്ക് ആവേശമേറി. ക്യാപ്റ്റന്റെ ടീമിന് തൊട്ടതെല്ലാം പിഴച്ചു. മൈനസ് പാസുകളിൽനിന്ന് എതിർപക്ഷം വലകുലുക്കി. അസാധ്യമായ ആംഗിളുകളിൽനിന്നും ക്യാപ്റ്റന്റെ വലയിലേക്ക് പന്ത് തുളഞ്ഞുകയറി. നിരന്തരം ഗോളുകൾ. ഒടുവിൽ, റഫറിയുടെ ലോങ്‍വിസിൽ മുഴങ്ങുമ്പോൾ ചരിത്രത്തിലില്ലാത്ത തോൽവി. തലകുനിച്ച് പതനം ഏറ്റുവാങ്ങി ക്യാപ്റ്റൻ കളത്തിന് പുറത്തേക്ക്.

അഞ്ച് വർഷം മുമ്പ് ആരോ പതിച്ചുനൽകിയ ‘ക്യാപ്റ്റൻ’ വിശേഷണവുമായി മുഖ്യമന്ത്രി പദത്തിലേക്ക് കയറിയ പിണറായി വിജയൻ 10 വർഷത്തിന് ശേഷം എൽ.ഡി.എഫിന്റെ നിരാശജനകമായ തോൽവിക്ക് സാക്ഷിയായി പടിയിറങ്ങുകയാണ്. തെരഞ്ഞെടുപ്പാകുന്ന കുരുക്ഷേത്ര ഭൂമിയിൽ ആയിരം അക്ഷൗഹിണി പടയുമായെത്തിയ പിണറായിക്ക് ചുറ്റും സങ്കടക്കാഴ്ചകളാണ്. അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ. തന്റെ സദസ്സിലെ പ്രമുഖ വില്ലാളി വീരന്മാരെല്ലാം വീണിതല്ലോ കിടക്കുന്നു. ആദ്യം പ്രഹരമേറ്റെങ്കിലും ഈ മഹാപോരാളിയുടെ വിജയത്തിനും തിളക്കം കുറവാണ്. ദുർബലമായ ചെറുസംഘമായി എൽ.ഡി.എഫ് എന്ന പഴയ വൻപട മാറി. പ്രതിപക്ഷ നിരയെ നയിക്കാൻ പുതിയ ക്യാപ്റ്റൻ വരുമെന്നും ഉറപ്പായി.

എന്തുകൊണ്ട് തോറ്റു എന്ന് വിലയിരുത്തുമ്പോൾ വിരൽ ചൂണ്ടുന്നത് പിണറായി വിജയനെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗത്തിന് നേർക്കുതന്നെയാണ്. കാരണം, എൽ.ഡി.എഫ് സർക്കാർ എന്നല്ല, പിണറായി സർക്കാർ എന്നായിരുന്നു അനുഭാവികളും ആരാധകരും വിളിച്ചിരുന്നത്. പ്രചാരണബോർഡുകളിൽ നിറഞ്ഞുനിന്നത് പിണറായിയുടെ വിവിധ ഭാവങ്ങളിലുള്ള തലകളായിരുന്നു. ദേശീയപാതകളിലടക്കം മുക്കിന് മുക്കിന് നിരന്ന ‘പിണറായി ബോർഡുകൾ’ യു.ഡി.എഫിലേക്ക് എത്തിച്ച നിഷേധവോട്ടുകൾക്ക് കണക്കില്ല. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന അമിത ആത്മവിശ്വാസത്തിനും തിരിച്ചടിയായിയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലുമടക്കം സ്വന്തം പാർട്ടിക്കാരും ചേർന്നാണ് സി.പി.എമ്മിനെ തോൽപിച്ചിരിക്കുന്നത് എന്നത് എൽ.ഡി.എഫിനുള്ള വമ്പൻ മുന്നറിയിപ്പാണ്.

വികസന പ്രവർത്തനങ്ങളിൽ മേന്മ പറഞ്ഞപ്പോഴും ‘സോഷ്യൽ എൻജിനീയറിങ്’ എന്ന ഓമനപ്പേരിൽ നടത്തിയ നീക്കങ്ങൾ സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ എൻജിനീയറിങ്ങിന് തിരിച്ചടി നേരിട്ടിട്ടും പിണറായിയും സംഘവും പാഠം പഠിച്ചില്ല. മറ്റൊരു സമുദായത്തെ അടച്ചാക്ഷേപിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നതും പിണറായിയുടെ മോശം നീക്കങ്ങളിലൊന്നായിരുന്നു. മലബാറിലടക്കം വെള്ളാപ്പള്ളിക്കെതിരായ പ്രതിഷേധവും യു.ഡി.എഫ് പെട്ടിയിലേക്ക് വോട്ടുകൾ ഒഴുക്കിവിട്ടിരുന്നു. സമരപഥങ്ങളിൽ പ്രതിപക്ഷത്തെ യുവജനങ്ങളെയടക്കം ഡി.വൈ.എഫ്.ഐ പ്രവർത്തകർതന്നെ നേരിട്ടപ്പോൾ ‘രക്ഷാപ്രവർത്തനം’ എന്ന് വിളിച്ച് അനുമോദിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കേരള ചരിത്രത്തിലില്ലാത്തവിധം പി.ആർ വർക്കുകളിൽ അഭിരമിച്ച മുഖ്യമന്ത്രിയും വേറെയുണ്ടാകില്ല.

തന്റെ ഏറ്റവും അടുപ്പക്കാരനല്ലാതെ മറ്റാരും ഉയർന്നുവരരുതെന്ന് മുഖ്യമന്ത്രി ശ്രമിച്ചെന്ന ആരോപണം നേരത്തേയുണ്ട്. കെ.കെ. ശൈലജയെ ഉറപ്പായും തോൽക്കുന്ന സീറ്റിലേക്ക് അയച്ച് ഈ ആരോപണം തെരഞ്ഞെടുപ്പ് സമയത്തും പിണറായി കാണിച്ചുതന്നു. രാജ്യത്തെ അവസാന ചുവപ്പുതുരുത്തും നഷ്ടമാകുമ്പോൾ ഇടതുപക്ഷത്തിന്റെ മൂന്ന് സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പിയും ഭരണവിരുദ്ധവികാരത്തിന്റെ നേട്ടം കൊയ്തു. മിന്നൽപ്പിണറായി അധികാരത്തിലേക്ക് വന്ന പിണറായി വിജയൻ ഒടുവിൽ നിരായുധനായി മടങ്ങുമ്പോൾ കേരളം കണ്ട സംഭവബഹുലമായ അധികാരപർവത്തിനാണ് തിരശ്ശീല വീഴുന്നത്.

Tags:    
News Summary - The Captain's Fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.