മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിലും വികസന പ്രശ്നങ്ങൾക്കപ്പുറം നിറഞ്ഞുനിൽക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും കോൺഗ്രസിന്റെ മലപ്പുറം ജില്ല വിരുദ്ധ ജാഥയും, ദേശീയപാത തകർച്ചയും ക്ഷേമപെൻഷൻ വിതരണവും ഒന്നാംഘട്ടത്തെ സജീവമാക്കിയപ്പോൾ, പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രണ്ടാംഘട്ടത്തിന്റെ തുടക്കത്തിൽ നിറഞ്ഞുനിന്നത്.
ഷോക്കേറ്റ് മരണത്തിന്റെ അലയൊലി തീരുംമുമ്പേ പുതിയ വിവാദമെത്തി. വെൽഫെയർ പാർട്ടി യു.ഡി.എഫിനും പി.ഡി.പി എൽ.ഡി.എഫിനും പിന്തുണ പ്രഖ്യാപിച്ചതാണ് ചൊവ്വാഴ്ച കത്തിപ്പടർന്നത്. യു.ഡി.എഫ്-വെൽഫെയർപാർട്ടി ബാന്ധവത്തിനെതിരെ സി.പി.എം നേതാക്കൾ തുറന്നടിച്ചപ്പോൾ സി.പി.എമ്മിന്റെ പി.ഡി.പി ബന്ധം എടുത്തിട്ടാണ് യു.ഡി.എഫ് നേരിട്ടത്. ജമാഅത്തെ ഇസ്ലാമിയെയും പി.ഡി.പിയെയും തുലനം ചെയ്യാനാവില്ലെന്നും പീഡിപ്പിക്കപ്പെടുന്ന വിഭാഗം എന്ന നിലക്ക് പി.ഡി.പിയുടെ ഇന്നത്തെ അവസ്ഥ എല്ലാവർക്കും അറിയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പി.ഡി.പി പിന്തുണയെ ന്യായീകരിച്ച എം.വി. ഗോവിന്ദൻ, യു.ഡി.എഫ് വർഗീയ മുന്നണിയായെന്ന ആരോപണവും തൊടുത്തുവിട്ടു. വെൽഫെയർ ബന്ധം ചൂണ്ടിക്കാട്ടി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമും യു.ഡി.എഫിനെതിരെ വർഗീയ ആരോപണം ഉന്നയിച്ചു.
സി.പി.എം ഓന്തിനെപോലെ നിറംമാറി വർഗീയ വിരുദ്ധത പറയുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ഏതെങ്കിലും പാർട്ടി അവരുടേതായ നിലക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് യു.ഡി.എഫിന്റെ നയങ്ങളെ ബാധിക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇടത്- വലത് മുന്നണികൾ വർഗീയകാർഡിറക്കുന്നുവെന്നായിരുന്നു ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇതിനിടെ ഹിന്ദു മഹാസഭ എൽ.ഡി.എഫിനെ പിന്തുണക്കുമെന്ന പ്രഖ്യാപനവും ചർച്ചയായി. ഈ സംഘടനയെകുറിച്ച് അറിയില്ലെന്നും ഗാന്ധിവധവുമായി ബന്ധപ്പെട്ട പറഞ്ഞുകേട്ടതായി ഓർക്കുന്നെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.