തിരുവനന്തപുരം: തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസ് നിർമാണ സ്ഥാപനം നിലനിർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി.
ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ദൗത്യങ്ങൾക്ക് പിന്‍ബലമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് എയറോസ്പേസ് തിരുവനന്തപുരം ലിമിറ്റഡ് (ബി.എ.ടി.എൽ). ബി.എ.ടി.എല്ലിനെ മാതൃകമ്പനിയായ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വേർപെടുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുന്നുവെന്നുള്ള വിവരം ആശങ്കജനകമാണെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ മുൻനിര എൻജിനീയറിങ് സ്ഥാപനമായിരുന്ന കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡ് (കെൽടെക്) 2007ൽ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയതോടെയാണ് ബി.എ.ടി.എൽ ഇന്ത്യയുടെ പ്രതിരോധ ഉൽപാദന രംഗത്തെ പ്രധാന പങ്കാളിയായി മാറിയത്. സ്ഥാപനത്തെ മാതൃകമ്പനിയിൽ നിന്നും വേർപെടുത്താനുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനത്തോടെ നിർമാണ സംവിധാനം നിലക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. സംസ്ഥാന സർക്കാറിന്റെ നിർണായക പങ്കാളിത്തത്തിലാണ് ഈ സ്ഥാപനം ആരംഭിച്ചതെന്ന നിലയിൽ പുതിയ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണ്.
തദ്ദേശീയ നിർമാണ സംവിധാനങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാനത്തെ വ്യവസായവികസനത്തിന് അത്യന്താപേക്ഷിതമാണ്. തിരുവനന്തപുരത്തെ ബ്രഹ്മോസ് നിർമാണ സംവിധാനത്തെ നിലനിർത്തണമെന്നും ബി.എ.ടി.എല്ലിനെ മാതൃകമ്പനിയിൽ നിന്നും വേർപെടുത്താനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.