വി.വി അബ്ദുൽ റസാഖ്

അയൽവീട്ടിലെ നായയുടെ കുര: നീണ്ട നിയമ പോരാട്ടം, ഒടുവിൽ അനുകൂല ഉത്തരവ്; പക്ഷേ, സ്വസ്ഥമായൊന്ന് ഉറങ്ങുംമുൻപെ അബ്ദുൽ റസാഖ് മടങ്ങി

കോഴിക്കോട്: സ്വന്തം വീട്ടിൽ ഒന്ന് സ്വസ്ഥമായി ഉറങ്ങണമെന്ന് മാത്രമായിരുന്നു അർബുദം ബാധിച്ച് മരണാസന്നനായി കിടക്കുമ്പോഴും അബ്ദുറസാഖിന്റെ ആഗ്രഹം. ഒടുവിൽ നിയമപോരാട്ടം വഴി തന്റെ ആഗ്രഹം നേടിയെടുത്തെങ്കിലും ആ വിവരമൊന്ന് അറിയാനോ അനുഭവിക്കാനോ ഭാഗ്യമില്ലാതെ എന്നന്നേക്കുമായ ഉറക്കത്തിലേക്ക് റസാഖ് മടങ്ങി.

കോഴിക്കോട് തിരുവണ്ണൂര്‍ മാനാരിയിലെ വി.വി അബ്ദുൽ റസാഖാണ് അയൽവാസി റോയിയുടെ വീട്ടിലെ നായയുടെ നിര്‍ത്താതെയുള്ള കുരമൂലം ഉറക്കം നഷ്ടപ്പെട്ട് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. റസാഖിന്‍റെ വീടിന്‍റെ കിടപ്പുമുറിയോട് ചേര്‍ന്നായിരുന്നു അയൽക്കാരന്‍റെ നായക്കൂട്. അർബുദ ബാധിച്ചയാളുടെ സമാധാന ജീവിതത്തിന് അയൽവാസിയുടെ നായയുടെ കുര തടസ്സമാകുന്നതിനാൽ നായക്കൂട് മാറ്റി സ്ഥാപിക്കണമെന്നായിരുന്നു റസാഖിന്റെയും കുടുംബത്തിന്റെയും ആവശ്യം.

നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ റസാഖിന് അനുകൂലമായി മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് കഴിഞ്ഞ ദിവസം വന്നെങ്കിലും അതറിയാനോ അനുഭവിക്കാനോ റസാഖ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഗസ്ത് നാലിനാണ് അബ്ദുൽ റസാഖ് മരണപ്പെടുന്നത്.

വര്‍ങ്ങൾക്ക് മുൻപ് മകൾക്ക് കുഞ്ഞുണ്ടായപ്പോൾ കൂട് മാറ്റാൻ റസാഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റോയി ഇത് ചെവിക്കൊണ്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ റസാഖിന് അര്‍ബുദം സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.

നായയുടെ കുര കാരണം ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയായി. വേദനയും ഉറങ്ങാനാവാത്തതിന്‍റെ ബുദ്ധിമുട്ടും മൂലം വിഷമിക്കുന്ന ഭര്‍ത്താവിനെ കണ്ട് ഭാര്യ കെ.സീനത്ത് പൊലീസിലും കോര്‍പ്പറേഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകുകയായിരുന്നു.

റസാഖിന്‍റെ ആരോഗ്യനില വഷളായതോടെ മകളും ഗൈനക്കോളജിസ്റ്റുമായ വി.വി ഷാനിബ വയനാട്ടിലേക്ക് സ്ഥലമാറ്റംവാങ്ങുകയും പിതാവിനെ കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് അവിടെ നിന്നായിരുന്നു കീമോ ചികിത്സക്കായി എംവിആര്‍ ക്യാൻസര്‍ സെന്‍ററിലേക്ക് വന്നുകൊണ്ടിരുന്നത്.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടര്‍ന്ന് ജൂലൈ അവസാനത്തോടെ നായക്കൂട് ഒരു മീറ്റര്‍ മാറ്റിയിരുന്നു. കൂട് കിടപ്പുമുറിയുടെ ഭാഗത്ത് നിന്ന് മാറ്റണമെന്നും രാത്രിയിൽ നായയെ പുറത്തിറക്കരുതെന്നും ആവശ്യപ്പെട്ട് സീനത്ത് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് മനുഷ്യാവാശ കമ്മീഷന്‍റെ ഉത്തരവെത്തുന്നത്. 

Tags:    
News Summary - The barking of the neighbor's dog: Unable to sleep peacefully, Abdul Razak finally bid farewell to the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.