കേരള സെനറ്റംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി; പുതിയ നാമനിർദേശം വിലക്കി​ ഹൈകോടതി

കൊച്ചി: ചാൻസലർ കൂടിയായ ഗവർണർ പുറത്താക്കിയ കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങൾക്ക് പകരം നിയമനം നടത്തുന്നത് ഒക്ടോബർ 31 വരെ ഹൈകോടതി വിലക്കി. അന്യായമായ വിജ്ഞാപനത്തിലൂടെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗത്വം പിൻവലിക്കപ്പെട്ട അംഗങ്ങൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍റെ ഉത്തരവ്. എന്നാൽ, ഹരജി തീർപ്പാകുന്നതുവരെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. രേഖകൾ ഹാജരാക്കാൻ ഗവർണർക്ക് വേണ്ടി അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് വിശദ വാദത്തിനായി ഹരജി 31ലേക്ക് മാറ്റി.

നിയമപരമായ അധികാരമില്ലാതെയാണ് തങ്ങളെ ഗവർണർ പിൻവലിച്ചതെന്നാരോപിച്ചാണ് 15 സെനറ്റ് അംഗങ്ങൾ കോടതിയെ സമീപിച്ചത്. വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയിൽ സെനറ്റ് പ്രാതിനിധ്യമില്ലാതെ രണ്ടുപേരെ ഗവർണർ നിയമിച്ചതുമായി ബന്ധപ്പെട്ട് സെനറ്റും ഗവർണറും തമ്മിൽ തർക്കം നിലവിലുണ്ട്. സർവകലാശാല ചട്ടങ്ങളും യു.ജി.സി മാർഗ നിർദേശങ്ങളും ലംഘിക്കുന്നതാണ് ഗവർണറുടെ നടപടി. പുറത്താക്കിയത് സംബന്ധിച്ച വിജ്ഞാപനം പിൻവലിക്കാൻ സെനറ്റ് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാൻ ഒക്ടോബർ 11ന് യോഗം ചേരാൻ സർവകലാശാലക്ക് ഗവർണർ നിർദേശം നൽകിയെങ്കിലും ഒഴിവാക്കാനാവാത്ത പരിപാടികളുള്ളതിനാൽ കൂടുതൽ സെനറ്റ് അംഗങ്ങൾ മുൻകൂട്ടി നൽകിയ അവധി അപേക്ഷയുടെ അടിസ്ഥാനത്തിൽ എത്തിച്ചേരാനായില്ലെന്ന് ഹരജിക്കാർ പറയുന്നു. ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിന്‍റെ പേരിൽ നാല് വകുപ്പ് മേധാവികളെയും രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെ നോമിനേറ്റ് ചെയ്ത അംഗങ്ങളെ ഗവർണർ പിൻവലിച്ചത്. ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ ഗവർണ‍ർ നിർദേശിച്ചെങ്കിലും നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വി.സി ഇത് തള്ളി.

ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ചട്ടവിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വി.സി മറുപടി നൽകി. ഉത്തരവിറക്കാൻ വി.സി തയാറാകാത്തതിനെ തുടർന്ന് 15ന് രാജ്ഭവൻ ഉത്തരവിറക്കുകയായിരുന്നു.

ഗവർണറുടെ പ്രീതി പ്രകാരം എന്ന വകുപ്പ് വെച്ച് എക്സ് ഒഫീഷ്യോ സെനറ്റ് അംഗങ്ങളുടെ നാമനിർദേശം പിൻവലിക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് ഹരജിയിൽ പറയുന്നു. ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ചാൻസലർക്ക് നിയമപരമായി അധികാരമില്ല. വിജ്ഞാപനവും ഇതോടനുബന്ധിച്ച ഉത്തരവുകളും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സെനറ്റ് അംഗങ്ങളായ ഡോ. കെ.എസ്. ചന്ദ്രശേഖർ, ഡോ. കെ. ബിന്ദു, ഡോ. സി.എ. ഷൈല, ഡോ. ബിനു ജി. ഭീംനാഥ്, എസ്. ജോയി, ഡോ. എൻ.പി. ചന്ദ്രശേഖരൻ, ജി. പത്മകുമാർ, ഷേഖ് പി. ഹാരിസ്, ഡോ. പി. അശോകൻ, ആർ.എസ്. സുരേഷ് ബാബു, ടി.എസ്. യമുനാ ദേവി, ജി.കെ. ഹരികുമാർ, വി. അജയകുമാർ, ജി. മുരളീധരൻ, ബി. ബാലചന്ദ്രൻ എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്.

Tags:    
News Summary - The action of the governor who dismissed the Kerala senators; The High Court banned the new nomination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.