ആനയെ ധിറുതിപ്പെട്ട് മാറ്റേണ്ടിയിരുന്നില്ലെന്ന് കർണാടക വനംവകുപ്പ്

ബംഗളൂരു: മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർകൊമ്പനെ വെള്ളിയാഴ്ച രാത്രിതന്നെ ബന്ദിപ്പൂരിലേക്ക് മാറ്റേണ്ടിയിരുന്നില്ലെന്ന് കർണാടക വനംവകുപ്പ്. ആനക്ക് മതിയായ വിശ്രമം നൽകിയ ശേഷം മാറ്റുന്നതായിരുന്നു നല്ലതെന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേശ് കുമാർ ഐ.എഫ്.എസ് അഭിപ്രായപ്പെട്ടു. നിറയെ ആൾക്കൂട്ടവും ബഹളവുമുണ്ടായിരുന്നതും ഒരേ സ്ഥലത്ത് ഏറെനേരം നില്‍ക്കേണ്ടിവന്നതും ആനയെ അവശനാക്കിയിരിക്കാം. ലോറിയിൽനിന്ന് ഇറക്കുന്നതിനുമുമ്പേ ആന കുഴഞ്ഞുവീണിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

തണ്ണീർകൊമ്പൻ വിഷയത്തിൽ കേരള-കർണാടക വനംവകുപ്പുകൾ തമ്മിൽ ഭിന്നതയില്ലെന്നും മാനന്തവാടിയില്‍ നിന്ന് തണ്ണീര്‍കൊമ്പനെ രാമപുര ക്യാമ്പില്‍ എത്തിച്ചത് കേരള, കര്‍ണാടക വനം വകുപ്പുകളുടെ ഏകോപനത്തോടെയാണെന്നും കര്‍ണാടക വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വറ്റേര്‍ (പി.സി.സി.എഫ്) സുഭാഷ് മാല്‍ഖഡെ പറഞ്ഞു. ആനയുടെ ഇടതുകാലിലുണ്ടായിരുന്ന പഴുപ്പ് വെള്ളിയാഴ്ചത്തെ റസ്ക്യൂ ഓപറേഷനിടെ സംഭവിച്ചതല്ല. പഴയ മുറിവാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നത് എളുപ്പമല്ല. സംഭവത്തില്‍ ഉദ്യോഗസ്ഥരെ പഴിക്കാന്‍ കഴിയില്ല. ആനയെ മാറ്റുന്നതു സംബന്ധിച്ച് സാഹചര്യമനുസരിച്ച് അതത് പ്രദേശത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തീരുമാനമെടുക്കുന്നത്.

എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധിക്കുമെന്നും മാല്‍ഖഡെ പറഞ്ഞു. രാസപരിശോധനകൾ പൂർത്തിയാക്കി അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - That the elephant should not have been moved speedly Karnataka Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.