കോഴിക്കോട്: ശശി തരൂർ എം.പിയുടെ പര്യടനവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിനെ ചേർത്തുവെക്കുന്നതിൽ നേതൃത്വത്തിന് അതൃപ്തി. തരൂർ സാമുദായിക നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ചിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വീണ്ടും കോഴിക്കോട്ടെത്തുന്ന തരൂർ കൂടുതൽ സാമുദായിക സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

തരൂരിന്‍റെ വ്യക്തിപരമായ കരുനീക്കങ്ങൾ കോൺഗ്രസിനകത്ത് വിഭാഗീയതയായി വികസിക്കുന്നതിൽ ലീഗിന് ആശങ്കയുണ്ട്. വിഷയത്തിൽ ചില കോണുകളിൽനിന്ന് ലീഗിനെ വലിച്ചിഴക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് നേതൃത്വം സംശയിക്കുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സാമുദായിക ഭിന്നത സൃഷ്ടിച്ചാണ് എൽ.ഡി.എഫ് രണ്ടാമൂഴം എളുപ്പമാക്കിയത് എന്നതിനാൽ സാമുദായിക ബന്ധം ശക്തിപ്പെടുത്താൻ യു.ഡി.എഫ് ബോധപൂർവമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് ലീഗ് കരുതുന്നു. കോൺഗ്രസ് നേതൃത്വമാണ് ഇതിന് മുൻകൈ എടുക്കേണ്ടത്.

ഇതിനായി കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പ്രവർത്തനത്തിനും പിന്തുണ കൊടുക്കാനാണ് ലീഗ് തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക വിഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നേതൃത്വം മനസ്സിലാക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ലീഗ് ശശി തരൂരിന്‍റെ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നത്.

അതേസമയം, കൂട്ടായ്മയിലൂടെ ചെയ്യേണ്ട പ്രവർത്തനം ശശി തരൂർ ഒറ്റക്ക് ഏറ്റെടുക്കുന്നത് പാർട്ടിക്കും യു.ഡി.എഫിനും ഗുണം ചെയ്യില്ലെന്നാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം. ഒരുമിച്ച് രൂപപ്പെടുത്തേണ്ട സാമുദായിക ശാക്തീകരണം തരൂർ വ്യക്തിപരമായ മുതലെടുപ്പിന് വിനിയോഗിക്കുകയാണെന്ന കോൺഗ്രസ് നേതാക്കളുടെ ആക്ഷേപം ലീഗിന് തലവേദനയാകുന്നുണ്ട്.

പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഉൾപ്പെടെ ഇക്കാര്യത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് ലീഗിന് കൂടിയുള്ള സന്ദേശമാണ്. കോൺഗ്രസിന്‍റെ വിഭാഗീയതയിൽ ഒരുനിലക്കും കക്ഷിചേരരുതെന്ന നിർബന്ധം ലീഗിനുണ്ട്. പക്ഷേ, തരൂർ ലോബി ലീഗിനെയടക്കം ഇതിലേക്ക് വലിച്ചിഴക്കുന്നതാണ് വിഷയം സങ്കീർണമാക്കുന്നത്. അതേസമയം, എൻ.എസ്.എസിന്‍റെയും സഭ നേതൃത്വത്തിന്‍റെയും ഗുഡ് സർട്ടിഫിക്കറ്റ് നേടിയ തരൂരിനോട് മുഖംതിരിക്കാൻ ലീഗിനാവില്ല. അതുകൊണ്ട് വിഷയത്തിൽ സമദൂര നയമായിരിക്കും പാർട്ടി സ്വീകരിക്കുക.

ചെന്നൈയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ തരൂർ വിഷയം ചർച്ചയാകാതിരുന്നിട്ടും അത്തരത്തിൽ പ്രചാരണമുണ്ടായത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ദേശീയ നിർവാഹക സമിതിയിൽ അത്തരം ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ‘മാധ്യമ’ത്തോട് പറഞ്ഞു. 

Tags:    
News Summary - Tharoor: Muslim League with equal distance policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.