താനൂർ: അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ (40) തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിൽ വിദേശത്തേക്ക് കടന്ന മുഖ്യപ്രതി തെയ്യല ഓമച്ചപ്പുഴ സ്വദേശി കൊളത്തൂർ വീട്ടിൽ ബഷീർ (40) പൊലീസിൽ കീഴടങ്ങി. കൃത്യം നടത്തിയ ശേഷം ഷാർജയിലേക്ക് കടന്ന ബഷീറാണ് തിങ്കളാഴ്ച കീഴടങ്ങിയത്. കൊലപാതക വാർത്ത മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വന്നതോടെ ഗൾഫിലെത്തിയ ബഷീറിന് മുറിയിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ശനിയാഴ്ച ഷാർജയിൽനിന്ന് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ബഷീർ ട്രെയിൻ മാർഗം തിങ്കളാഴ്ച രാവിലെയാണ് തിരൂരിലെത്തിയത്. തുടർന്ന് താനൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താനൂർ സി.ഐ എം.െഎ. ഷാജി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ പ്രവാസി സംഘടനകളുടെ സഹായവും തേടിയിരുന്നു.
ബഷീറിനെ പിന്നീട് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ വയലില്‍നിന്ന് സവാദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മരത്തടി പൊലീസ് കണ്ടെടുത്തു. കൊലക്ക് ശേഷം ക്വാര്‍ട്ടേഴ്‌സില്‍നിന്നെത്തി കാറില്‍ കയറുന്നതിനിടെ ഒന്നര മീറ്ററോളം നീളമുള്ള വടി വലിച്ചെറിഞ്ഞ സ്ഥലം ഇയാള്‍ കാണിച്ചുകൊടുക്കുകയായിരുന്നു. സൗജത്തിനൊപ്പം ജീവിക്കാനാണ് ഭർത്താവ് സവാദിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നൽകി. വിദേശത്തേക്ക് രക്ഷപ്പെടുന്നതോടെ കേസിന് തുമ്പില്ലാതാവുമെന്നായിരുന്നു പ്രതീക്ഷ. വിദേശത്തുനിന്ന് മംഗളൂരു വഴി രണ്ടുദിവസത്തെ അവധിക്ക് താനൂരിലെത്തി സൗജത്തിനൊപ്പം ചേര്‍ന്ന് കൊല നടത്തി മംഗളൂരു വഴി രക്ഷപ്പെടുകയായിരുന്നു. മംഗളൂരുവിൽനിന്ന് താനൂരിലെത്താനും തിരിച്ചുപോകാനും ബഷീറിനെ സഹായിച്ച പ്രദേശവാസിയായ സുഫിയാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സവാദിനെ ഭക്ഷണത്തിൽ വിഷം കലർത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചു
താനൂർ: അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ (40) നേരത്തെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി പ്രതിയുടെ മൊഴി. അറസ്റ്റിലായ ബഷീറും സൗജത്തും ഒരു മാസം മുമ്പാണ് ഇതിന് പദ്ധതി തയാറാക്കിയത്. ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനായിരുന്നു ആദ്യശ്രമം. എന്നാൽ, ദുർഗന്ധം വമിച്ചതോടെ സവാദ് ഭക്ഷണം മാറ്റിവെച്ചു. ഈ സമയം താൻ ഗൾഫിലായിരുന്നെന്നും ബഷീർ മൊഴി നൽകി. കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി കുഴിച്ചുമൂടാനാണ് ഇതിനുശേഷം ഇരുവരും പദ്ധതിയിട്ടത്. കുഴിച്ചുമൂടിയ ശേഷം കാൺമാനില്ലെന്ന് പൊലീസിൽ പരാതി നൽകാനായിരുന്നു പദ്ധതി. സവാദിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകൾ ഉണർന്നതോടെയാണ് ഇൗ നീക്കം ഉപേക്ഷിച്ചത്. കൊലപ്പെടുത്തുന്നതിന് മുമ്പ് സവാദിന് മയക്കുഗുളിക നൽകിയിരുന്നോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. ഇവരുടെ താമസസ്ഥലത്തുനിന്ന് മയക്കുഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. വിശദമായി അന്വേഷണം നടത്തിയാലേ ഇക്കാര്യം വ്യക്തമാകൂവെന്ന് സി.െഎ എം.ഐ. ഷാജി പറഞ്ഞു. ബഷീറുമായുള്ള ബന്ധമറിഞ്ഞിട്ടും സവാദ് സൗജത്തിനെ ഒഴിവാക്കാൻ തയാറായിരുന്നില്ല.
ബഷീറിനെ കൂകിവിളിച്ചും ശകാരവർഷം ചൊരിഞ്ഞും ജനം
തിരൂർ: താനൂരിൽ യുവാവിനെ തലക്കടിച്ചും കഴുത്തറുത്തും കൊന്ന കേസിലെ പ്രതിയെ കൂകി വിളിച്ചും ശകാരവർഷം ചൊരിഞ്ഞും ജനക്കൂട്ടം. മുഖ്യപ്രതിയും യുവതിയുടെ കാമുകനുമായ ബഷീറിനെ (40) വൈദ്യപരിശോധനക്കും തെളിവെടുപ്പിനും എത്തിച്ചപ്പോഴായിരുന്നു ജനക്കൂട്ടത്തിെൻറ ശകാരവർഷം. തിരൂർ ജില്ല ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വൈദ്യ പരിശോധനക്ക് എത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നുണ്ടെന്ന വിവരമറിഞ്ഞതോടെ ആശുപത്രി പരിസരത്ത് സ്ത്രീകളടക്കം നിരവധി പേർ എത്തി. പ്രതിയെ കൈയേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പ്രതിയെ വാഹനത്തിൽനിന്നിറക്കിയപ്പോൾ ജനം കൈയേറ്റത്തിന് ശ്രമിക്കുകയും ശകാരവർഷം ചൊരിയുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് ആശുപത്രിക്കകത്തെത്തിച്ചത്. മുക്കാൽ മണിക്കൂർ നീണ്ട വൈദ്യപരിശോധനക്ക് ശേഷം ബഷീറിനെ പുറത്തേക്കെത്തിക്കാനും പൊലീസ് പ്രയാസപ്പെട്ടു. അപ്പോഴും സ്ത്രീകളടക്കമുള്ളവർ അസഭ്യവർഷം നടത്തി. പ്രതി കീഴടങ്ങിയതറിഞ്ഞ് പൊലീസ് സ്േറ്റഷനിലും തെളിവെടുപ്പ് വേളയില്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്തും വന്‍ ജനാവലിയെത്തി. ഇവരെ നിയന്ത്രിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.