താന്തോണി തുരുത്തിലെ വടക്കുഭാഗത്ത് താമസിക്കുന്നവർക്ക് വീടുകളിലേക്ക് പേകാനുള്ള
ഏക മാർഗം. പുല്ലുകൾക്കിടയിലെ വഴിച്ചാൽ
എന്നും തെരഞ്ഞെടുപ്പ് വന്നെങ്കിൽ വാഗ്ദാനങ്ങളെങ്കിലും താന്തോണി തുരുത്തുകാർക്ക് ലഭിച്ചേനെയെന്നാണ് നാട്ടുകാരുടെ അഭിപ്രായം. രാഷ്ട്രീയക്കാർ ഈ തുരുത്തിനെക്കുറിച്ച് ഓർക്കുന്നത് തന്നെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണത്രെ. ആളും ആരവവുമായെത്തി നിറവേറ്റാത്ത വാഗ്ദാനങ്ങൾ വീണ്ടും നിരത്തി രാഷ്ട്രീയക്കാർ തുരുത്ത് വിടുമ്പോൾ ദ്വീപ് വാസികൾക്കറിയാം വെറും വാക്കാണെന്ന്.
എങ്കിലും തെരഞ്ഞെടുപ്പ് ദിവസം വോട്ടു ചെയ്യാൻ അവർ ബൂത്തിലെത്തും. കായൽ കടന്നെത്തിയാലേ വോട്ട് ചെയ്യാനാവൂവെന്നതിനാൽ അന്നേ ദിവസം എത്ര തവണ വേണമെങ്കിലും തുരുത്തു വാസികൾക്ക് മറുകരയെത്തി മടങ്ങാം. വോട്ടിങ് സമയം അവസാനിക്കും വരെ രാഷ്ട്രീയ പാർട്ടികൾ മൽസരിച്ച് യാത്ര സൗകര്യം ഒരുക്കും.
മുമ്പ് രണ്ട് തവണ ദ്വീപിൽ തന്നെ പോളിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്. എന്നാൽ, പിന്നീട് ഈ സൗകര്യം ഇല്ലാതായി. വാഗ്ദാനങ്ങളെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ എല്ലാം ചെയ്തിട്ടുണ്ടെന്ന മറുപടിയാണ് രാഷ്ട്രീയക്കാരിൽ നിന്നുണ്ടാവാറുള്ളത്. ഈ മറുപടി തുരുത്തിലെ താമസക്കാർ കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
കണ്ടലും ജലസസ്യങ്ങളും പുല്ലും നിറഞ്ഞ താന്തോണി തുരുത്തിനെ ചുറ്റി ടൈൽ വിരിച്ച ഒരു നടപ്പാത മാത്രമാണുള്ളത്. ഈ നടപ്പാതയിൽനിന്ന് ചെളിക്കുണ്ട് താണ്ടി വേണം പല വീടുകളിലേക്കും പോകാൻ.
റോഡില്ലാത്തിടങ്ങളിൽ കാട്ടു ചെടികളും പുല്ലും പടർന്നിരിക്കുകയാണ്. വീടുകൾക്ക് ചുറ്റും നടപ്പാതയിലേക്ക് പടർന്ന് നിൽക്കുന്ന പുല്ലിനകത്ത് ഉഗ്ര വിഷമുള്ള പാമ്പുകളുമുണ്ട്. പാമ്പുകളെയും മറ്റ് ഇഴ ജന്തുക്കളെയും ഭയന്നാണ് പകൽ വെളിച്ചം മാഞ്ഞാൽ പലരും വീടിന് പുറത്തിറങ്ങാൻ പോലും മടിക്കുന്നത്. പുറത്ത് ജോലിക്കോ മറ്റാവശ്യങ്ങൾക്കോ പോയവർ രാത്രി വൈകി മടങ്ങിയെത്തുന്നത് ഭയപ്പാടോടെയാണ്. കോർപറേഷൻ സ്ഥാപിച്ച വഴിവിളക്കുകളാണ് അൽപമെങ്കിലും ആശ്വാസം. എന്നാൽ, പ്രവർത്തന രഹിതമായാൽ ഇവയൊന്നു ശരിയാക്കി കിട്ടാനുള്ള കാത്തിരിപ്പിന് നീളം കൂടും.
ദ്വീപുകളുടെ വികസനം ലക്ഷ്യമിട്ട് നിലവിൽ വന്ന ‘ജിഡ’ക്ക് താന്തോണി തുരുത്തിന്റെ കാര്യത്തിൽ കാര്യമായ ആശങ്കകളൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. ജിഡയുടെ പ്രവർത്തനങ്ങളുൾപ്പെടെ തുരുത്തിനെ ശ്വാസം മുട്ടിക്കുമ്പോഴും ആശ്വാസ നടപടികളൊന്നും ഉണ്ടാകുന്നില്ല. തുരുത്തിലേക്ക് വെള്ളം കയറുന്നത് തടയാൻ ഒമ്പത് വർഷം മുമ്പ് പ്രഖ്യാപിച്ചതാണ് ഔട്ടർ ബണ്ട്. ദ്വീപിന് ചുറ്റും ഉയരത്തിൽ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കുന്ന പദ്ധതിക്കായി അന്ന് ആറ് കോടിയും അനുവദിച്ചു.
എന്നാൽ, ഔട്ടർ ബണ്ട് സംബന്ധിച്ച പ്രസ്താവനകളും വാദ പ്രതിവാദങ്ങളുമല്ലാതെ മറ്റൊന്നും ഇതുവരെ തുരുത്തുവാസികളെ തേടി എത്തിയിട്ടില്ല. ഔട്ടർ ബണ്ട് ഉടനടി ഉണ്ടാകുമെന്ന വാർത്തകൾ വീണ്ടും സജീവമായിട്ടുണ്ട്. എന്നാൽ, ആറ് കോടി കൊണ്ട് ഇനി പദ്ധതി നടപ്പാവില്ലെന്നിരിക്കെ ഇതിന്റെ പേരിൽ പദ്ധതി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമുണ്ടാകുമെന്ന് നാട്ടുകാർ സംശയിക്കുന്നു.
നിർമാണത്തിനാവശ്യമായ പൂർണ തുക പാസാക്കി പദ്ധതി ആരംഭിക്കാനിരുന്നാൽ, പ്രക്രിയകളെല്ലാം പുനരാരംഭിക്കേണ്ടി വരും. അതിനാൽ, അനുവദിച്ച പദ്ധതി എത്രയും വേഗം തുടങ്ങിവെക്കുകയാണ് വേണ്ടതെന്ന് തുരുത്തുവാസികൾ പറയുന്നു. അധികമായി വേണ്ടി വരുന്ന തുക, പിന്നീടുള്ള ഓരോ ഘട്ടങ്ങളിലാക്കി അനുവദിപ്പിച്ച് പദ്ധതി പൂർത്തീകരിച്ചാൽ മതിയാവും. ഭാവിയിലെ ഗതാഗത സൗകര്യമടക്കം ചൂണ്ടിക്കാട്ടി ഔട്ടർ ബണ്ടിന്റെ വീതി അഞ്ച് മീറ്ററെങ്കിലും വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. എന്നാൽ, രണ്ട് മീറ്ററിലധികം വേണ്ടെന്ന വാശിയാണ് ഉദ്യോഗസ്ഥർക്കെന്ന് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. കെ. ബോബൻ പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമല്ല, അടിയന്തര ചികിൽസ വേണ്ടി വരുന്ന രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള ഒരു സംവിധാനവും ദ്വീപിലില്ലെന്ന് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. അംബാസ് ചൂണ്ടിക്കാട്ടി. ദ്വീപുവാസികൾ സാധാരണ യാത്രക്ക് ഉപയോഗിക്കുന്ന വഞ്ചികളിൽ രോഗികളെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ല. രോഗിയുമായി പോയ വഞ്ചി മറിഞ്ഞുണ്ടായ അപകടങ്ങൾ ഇവർക്ക് മുന്നിൽ ഏറെയുണ്ട്.
സമയത്ത് ആശുപത്രിയിലെത്തിക്കാനാവാതെ ബന്ധുക്കൾക്ക് മുന്നിൽ മരിച്ചുവീണ ഗർഭിണിയടക്കമുള്ളവരെ കുറിച്ചും പറയാനുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിക്കാനും പിന്നീടത് സംസ്കാരത്തിനായി പച്ചാളത്തെ ശ്മശാനത്തിലെത്തിക്കാനും നേരിടുന്ന ബുദ്ധിമുട്ടുകളും അതിലേറെ. വഞ്ചി മറിഞ്ഞ് മൃതദേഹം വെള്ളത്തിൽ വീണ സംഭവങ്ങളുമുണ്ട്.
ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായ ആംബുലൻസ് ബോട്ടെന്ന ന്യായമായ ആവശ്യം തുരുത്തുകാർ അധികൃതർക്ക് മുന്നിൽ ഉന്നയിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നടന്ന ജനസമ്പർക്ക പരിപാടിയിൽ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. പാലമെന്ന മോഹന വാഗ്ദാനക്കുരുക്കിൽ ഇത്തരം ആവശ്യങ്ങളെല്ലാം ഒഴിവാക്കുകയാണ് അധികൃതരെന്നും പരാതി ഉയരുന്നു. കൊട്ടിഘോഷിച്ച് ചില മെഡിക്കൽ ക്യാമ്പുകൾ നടക്കാറുണ്ടെങ്കിലും പലതും പ്രത്യേക താൽപര്യങ്ങളോടെയാണെന്ന് നാട്ടുകാരിയായ രമ ചൂണ്ടിക്കാട്ടുന്നു.
വിവാഹക്കാര്യത്തിൽ മറ്റിടങ്ങളിലെ പോലെ അത്ര എളുപ്പമല്ല കാര്യങ്ങളെങ്കിലും തുരുത്തിൽനിന്ന് പുറത്തേക്ക് വിവാഹം കഴിച്ച് അയക്കുന്നതിനോ തുരുത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരുന്നതിനോ തടസ്സങ്ങളുണ്ടാവാറില്ല. തുരുത്തിനകത്ത് തന്നെയുള്ളവർ പരസ്പരം വിവാഹിതരാവുന്നുമുണ്ട്.
(പ്രധാന കരയുമായി ബന്ധിപ്പിച്ച് ഒരു തൂക്കു പാലം വന്നാൽ പോലും ‘വൈര ദ്വീപ്’ ആയി മാറാവുന്ന താന്തോണി തുരുത്തിനോട് എന്തുകൊണ്ട് പതിറ്റാണ്ടുകളായി അധികൃതർ അവഗണന തുടരുന്നു. അതേപ്പറ്റി നാളെ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.