പ്രിയങ്ക ഗാന്ധി

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

കൽപറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ചുരം പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.

ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയിൽ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് പ്രിയങ്ക കത്തിൽ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 26ന് ഹൈവേയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടതിനാൽ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തേണ്ടി വന്നിരിന്നു. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്നും നിലവിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു.

ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച് അപകടസാധ്യത വിലയിരുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷക്കും കണക്റ്റിവിറ്റിക്കും വേണ്ടി അടിയന്തരമായി വിദഗ്ധ സംഘത്തെ അയക്കണമെന്നും ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ‌ബദൽ പാത ഒരുക്കുന്നതിനുള്ള നടപടികൾ സർക്കാർ എത്രയും വേഗം പരിഗണിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി എം.പി 2023 നവംബറിൽ വിളിച്ചുചേർത്ത നാഷവൽ ഹൈവേ ഉദ്യോഗസ്ഥരുടെ ഉന്നതയോഗത്തിലും പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ്, ചുരം ബൈപ്പാസ്, പുതുപ്പാടി-മുത്തങ്ങ നാലുവരി പാത, താമരശേരി ചുരത്തിൽ സ്ഥിരം യാത്രാക്ലേശം സൃഷ്ടിക്കുന്ന കൊടും വളവുകൾ വികസിപ്പിക്കുന്നത്‌, ഹൈവേ വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നത്‌ എന്നിവ വേഗത്തിലാക്കുന്നതിനുഉള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Thamarassery Churam should be open immediately -Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.