രാമസിംഹൻ 'വറ്റിയ പുഴ'യുമായി മുംബൈ തെരുവിൽ അലയുന്നു; സെൻസർ ബോർഡിനെതിരെ കലിപ്പടങ്ങാതെ ടി.ജി മോഹൻദാസ്

മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ സ്വാതന്ത്ര്യ സമര സേനാനി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സിനിമ വരുന്നു എന്ന വാർത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംവിധായകൻ ആഷിക് അബു, നടൻ പൃഥ്വിരാജ് എന്നിവരായിരുന്നു ആദ്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നത്. എന്നാൽ, പിന്നീട് ഇവർ പിൻമാറി. ഇത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ സംവിധായകൻ അലി അക്ബർ ഹിന്ദു മതം സ്വീകരിക്കുകയും രാമസിംഹൻ എന്ന പേര് സ്വന്തമാക്കുകയും ചെയ്തിരുന്നു. മലബാർ കലാപത്തിന്റെ യഥാർത്ഥ വസ്തുത സിനിമയാക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജനങ്ങളിൽനിന്ന് വ്യാപകമായ പിരിവും നടത്തിയിരുന്നു. പലപ്പോഴും പ്രതീക്ഷിച്ചത്ര പണം പിരിഞ്ഞുകിട്ടിയില്ല എന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പോസ്റ്റുകളും ഇട്ടിരുന്നു.

മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് '1921 -പുഴ മുതല്‍ പുഴ വരെ'. ചിത്രത്തില്‍ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദേശിച്ചിരുന്നു. ചിത്രം റീജിയനൽ സെൻസർ ബോർഡ് കാണുകയും മാറ്റങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. സിനിമയിലെ നിര്‍ണായക സീനുകള്‍ കട്ട് ചെയ്തു കഴിഞ്ഞാല്‍ ചിത്രത്തിന് ജീവനുണ്ടാകില്ലെന്നും സിനിമ മോശമായതിന് പൊതുജനം രാമസിംഹനെ പഴിക്കുമെന്നും മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ടി.ജി മോഹന്‍ദാസിന്‍റെ കുറിപ്പ്:

മാപ്പിള ലഹള ആധാരമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദേശിച്ചു. രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കണ്ടു. വീണ്ടും മാറ്റങ്ങൾ വേണമത്രേ! നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവിൽ സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും - വറ്റിയ പുഴ! ഒ.എൻ.വി എഴുതിയത് പോലെ:

വറ്റിയ പുഴ, ചുറ്റും

വരണ്ട കേദാരങ്ങൾ

തപ്തമാം മോഹങ്ങളെ

ചൂഴുന്ന നിശ്വാസങ്ങൾ!

ഓർമ്മയുണ്ടോ കശ്മീർ ഫയൽസിലെ കുപ്രസിദ്ധ വാക്കുകൾ?:

ഗവൺമെന്‍റ് ഉൻകീ ഹോഗീ

ലേകിൻ സിസ്റ്റം ഹമാരാ ഹൈനാ??

പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹൻ സിനിമ നിർമ്മിച്ചത്.. അവർ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലർ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും! നിർണായക സീനുകൾ കട്ട് ചെയ്തു മാറ്റിയാൽ സിനിമയ്ക്ക് ജീവനുണ്ടാവില്ല. സെൻസർ ബോർഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!

DAMNED IF YOU ...DAMNED IF YOU DON'T !!

നിസഹായനായി രാമസിംഹൻ നിൽക്കുന്നു - മുംബൈയിലെ തെരുവിൽ.. കത്തുന്ന വെയിലിൽ! കുറ്റിത്താടി വളർന്നുള്ളോൻ. കാറ്റത്ത് മുടി പാറുവോൻ. മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ, കണ്ണിൽ വെട്ടം ചുരത്തുവോൻ!

Tags:    
News Summary - tg mohandas against censor board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.