താൽക്കാലിക ഡ്രൈവർ നിയമനത്തിൽ ഹൈകോടതിയെ വെല്ലുവിളിച്ച് കെ.എസ്.ആർ.ടി.സി

കോഴിക്കോട്: ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്ന് പിരിച്ചുവിട്ട എം.പാനൽ ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സി. വീണ്ടും ജോലിക്ക് നിയമിക്കുന്നു. ഇനി താൽകാലിക നിയമനത്തിന് പരിഗണിക്കരുതെന്ന നിർദേശത്തോടെ കോടതി പിരിച്ചുവിട്ടവരെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങി ജോലിക്കെടുക്കുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കാതെ താൽക്കാലിക ജീവനക്കാരെ വർഷങ്ങളോളം ജോലിക്ക്​ വെക്കുന്നത്​പതിവായതോടെയാണ് ഹൈകോടതി ഇടപെട്ടത്.

ഇതിന് വിരുദ്ധമായി കഴിഞ്ഞ ശനിയാഴ്ച എം. പാനൽ ജീവനക്കാരെ ജോലിക്ക് നിയോഗിച്ചത് കോർപറേഷനിൽ വൻ വിവാദമായിരുന്നു. സോണൽ ഓഫീസർ മാരുടെ നിർദേശപ്രകാരമാണ് ഇവരെ നിയോഗിച്ചതെന്ന് ന്യായീകരിച്ച ഡിപ്പോ അധികൃതർ പലയിടങ്ങളിൽ നിന്നും ഉച്ചക്ക് ശേഷം ഇത്തരം ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു. ഇവർക്ക് വേതനം കൊടുക്കാൻപോലും സാങ്കേതിക തടസമുണ്ടെന്ന് ജീവനക്കാർ പറയുന്നു. ഡ്രൈവർമാരുടെ കുറവുമൂലം സർവീസ് അയക്കുന്നതിന് പ്രശ്നമുണ്ടെങ്കിൽ എം പാനൽ അല്ലാത്ത ഡ്രൈവർമാരെ ദിവസക്കൂലിക്ക് നിയോഗിക്കാൻ ഗതാഗത മന്ത്രിയും ഗതാഗത സെക്രട്ടറിയും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഇതിനെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ധാരണയായിരുന്നു. എന്നാൽ കോടതി നിർദേശപ്രകാരം പിരിച്ചുവിടപ്പെട്ടവരെ ഒരുകാരണവശാലും ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിക്ക് നിയോഗിക്കരുതെന്ന് ഹൈക്കോടതിയിൽ കേസ് വാദിച്ച കെ.എസ്.ആർ.ടി.സി സ്റ്റാൻറിങ്കോൺസലും കെ.എസ്.ആർ.ടി.സിയുടെ തന്നെ ലോ ഓഫീസറും വ്യക്തമാക്കിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് എം പാനൽ ൈഡ്രവർമാരെ ജോലിക്ക് നിയോഗിക്കാൻ ചില ഉദ്യോഗസ്ഥർ നിർദേശം നൽകിയിരിക്കുന്നത്. ഇതി​​​െൻറ അടിസ്ഥാനത്തിൽ എറണാകുളം സോണിന് കീഴിലുള്ള ഡിപ്പോകളിൽ ഇന്ന് എം പാനൽ ഡ്രൈവർമാരോട് ജോലിക്ക് കയറാൻ നിർദേശിച്ചിരിക്കുകയാണ്.

എന്നാൽ സോൺ മേധാവിയുടെ നിർദേശം പാലിക്കുന്നതിൽ ജില്ലാ, ഡിപ്പോ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ ശനിയാഴ്ച എം പാനൽ ജീവനക്കാരെ നിയോഗിച്ചത് സോൺ മേധാവിയുടെ നിർദേശപ്രകാരമായിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു സോൺ മേധാവിയുടെ പ്രതികരണം. ഇതോടെ കോടതി നിർദേശം ലംഘിച്ചതി​​​െൻറ ഉത്തരവാദിത്വം താഴെയുള്ള ഉദ്യോഗസ്ഥർക്കായി മാറി. ഇത് ഉദ്യോഗസ്ഥർക്കിടയിൽ വലിയ അമർഷത്തിനും കാരണമായിട്ടുണ്ട്.

Tags:    
News Summary - temporary driver appointment ksrtc, highcourt -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.