സാങ്കേതിക സർവകലാശാല: ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സിക്ക് ചുമതല നൽകാനുള്ള ശിപാർശ ഗവർണർ തള്ളി

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനം സുപ്രീംകോടതി റദ്ദാക്കിയ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ഭരണം പ്രതിസന്ധിയിലേക്ക്. പദവി നഷ്ടപ്പെട്ട വി.സി ഡോ.എം.എസ്. രാജശ്രീക്ക് പകരം മറ്റൊരാൾക്ക് ചുമതല നൽകാത്തതിനാൽ ബിരുദ സർട്ടിഫിക്കറ്റ് പോലും ഒപ്പിട്ട് നൽകാൻ കഴിയാത്ത അവസ്ഥയാണ്. വി.സിയുടെ താൽക്കാലിക ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാൻ സർക്കാർ ശിപാർശ ചെയ്തെങ്കിലും രാജ്ഭവൻ തള്ളുകയായിരുന്നു.

നിയമനത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സജി ഗോപിനാഥിനും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതോടെ സർക്കാർ ശിപാർശ രാജ്ഭവൻ അംഗീകരിക്കില്ലെന്ന് വ്യക്തമായി. സാങ്കേതിക സർവകലാശാല നിയമപ്രകാരം എൻജിനീയറിങ് ശാസ്ത്രരംഗത്തെ വിദഗ്ധരെ മാത്രമേ വി.സിയായി നിയമിക്കാൻ പാടുള്ളൂ. അതിനാൽ സർക്കാർ എൻജിനീയറിങ് കോളജുകളിലെ സീനിയർ പ്രഫസർമാരുടെ പട്ടിക ഗവർണർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് വി.സിയുടെ താൽക്കാലിക ചുമതല നൽകും. പരമാവധി ആറുമാസം വരെ താൽക്കാലിക വി.സിക്ക് തുടരാനാവും. അതിനുള്ളിൽ സ്ഥിരം വി.സിയെ കണ്ടെത്തണം.

വൈസ് ചാൻസർക്കൊപ്പം പ്രോ- വൈസ് ചാൻസലറും ചുമതല ഒഴിയണമെന്നാണ് യു.ജി.സി നിയമം. എന്നാൽ വി.സി കാലാവധി പൂർത്തിയാക്കിയല്ല പുറത്തുപോയതെന്നതിനാൽ പി.വി.സി ചുമതല ഒഴിയേണ്ടതില്ലെന്ന നിലപാടിൽ കെ.ടി.യു വി.സി ഡോ.എസ്. അയൂബ് പദവിയിൽ തുടരുന്നുണ്ട്.

നേരേത്ത സാങ്കേതിക സർവകലാശാല വി.സിയായിരുന്ന കുഞ്ചെറിയ പി. ഐസക് രാജിവെച്ചതിന് പിന്നാലെ അന്നത്തെ പി.വി.സി ഡോ.എം. അബ്ദുറഹിമാൻ ചുമതലയിൽ തുടർന്നതിനെ തുടർന്ന് പദവിയിൽ നിന്ന് ഗവർണർ നീക്കിയിരുന്നു. ഇതിനെ പി.വി.സി ചോദ്യം ചെയ്തതിനെ തുടർന്ന് ഗവർണറുടെ ഉത്തരവ് അന്ന് ഹൈകോടതി അസാധുവാക്കുകയും പി.വി.സിക്ക് തുടരുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വി.സി കാലാവധി പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് പി.വി.സിയും ചുമതല ഒഴിയണമെന്ന വ്യവസ്ഥ ബാധകമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.

വിവാദങ്ങൾ ആഗ്രഹിക്കുന്നില്ല - മന്ത്രി രാജീവ്

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കത്തിടപാടുകൾ അവർ തമ്മിലുള്ളതാണെന്നും മറ്റ് മന്ത്രിമാർ അതിനെപ്പറ്റി അറിവുള്ളവർ ആകണമെന്നില്ലാത്തതിനാൽ പ്രതികരിക്കേണ്ടതില്ലെന്നും മന്ത്രി പി. രാജീവ്.

ഞങ്ങൾ വിവാദങ്ങൾ ആഗ്രഹിക്കുന്നില്ല. അനാവശ്യ വിവാദങ്ങൾക്കായി സമയം മാറ്റിവെക്കാൻ ആഗ്രഹമില്ല. ഗവർണർ പദവിയെ ആദരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Technical University: Governor rejects recommendation to give charge of Digital University to VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.