തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പൊതുദർശനത്തിന് വെച്ച കൃഷ്ണപ്രിയയുടെ മൃതദേഹത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ് അന്തിമോപചാരമർപ്പിക്കുന്നു

തിക്കോടിയിൽ പൊള്ളലേറ്റ് കൊല്ലപ്പെട്ട കൃഷ്ണപ്രിയക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

പയ്യോളി: പട്ടാപ്പകൽ റോഡരുകിൽ വെച്ച് ഒരു കുപ്പി പെട്രോളിൽ പരിചയക്കാരന്‍റെ കൈകളാൽ വെന്തുരുകി പിടഞ്ഞു വീണ കൃഷ്ണപ്രിയക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ പത്തോടെ ദേശീയപാതക്കരുകിലെ തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. പഞ്ചായത്തിലെ താൽകാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ രാവിലെ ജോലിക്ക് വന്നയുടൻ ഓഫീസിന് മുന്നിലെ ഗെയ്റ്റിന് സമീപത്ത് വെച്ച് പരിചയക്കാരനായ നന്ദകുമാർ തടഞ്ഞു നിർത്തി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും മരണപ്പെടുകയായിരുന്നു.

നാല് വർഷമായി അടുത്ത പരിചയക്കാരായ നന്ദകുമാറും കൃഷ്ണപ്രിയയും തമ്മിലുള്ള വാക്ക് തർക്കമാണ് ഇരുവരുടെയും മരണത്തിൽ കലാശിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ക്യഷ്ണപ്രിയയുടെ മൃതദേഹം തിക്കോടിയിലെത്തിയത്. കൃഷ്ണപ്രിയ പൊള്ളലേറ്റ് പിടഞ്ഞുവീണ സംഭവം നടന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ തന്നെയാണ് മൃതദേഹം ആദ്യം പൊതുദർശനത്തിന് വെച്ചത്. 

കാനത്തിൽ ജമീല എം.എൽ.എ, മുൻ എം.എൽ.എ. കെ. ദാസൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടറി പി.കെ. സനോജ്, ജില്ലാ പ്രസിഡണ്ട് എൽ.ജി. ലിജീഷ് തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി. തുടർന്ന് ശവസംസ്കാരത്തിന് ശേഷം കൃഷ്ണപ്രിയയുടെ കൊലപാതകത്തിൽ പ്രതിഷേധവും അനുശോചന യോഗവും തിക്കോടിയിലെവീടിന് സമീപം വെച്ച്  ചേർന്നു.

യോഗത്തിൽ ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. സന്തോഷ് തിക്കോടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമ ചന്ദ്രൻ കുയ്യണ്ടി, സുരേഷ് ചങ്ങാടത്ത്, പ്രനില സത്യൻ, ആർ. വിശ്വൻ, കെ.പി ഷക്കീല, പി.വി. റംല, ബിനു കാരോളി, ദിബിഷ, എൻ.വി. രാമകൃഷ്ണൻ, ശ്രീധരൻ ചെമ്പുഞ്ചില, ബി.വി. ഷറീന, കെ.കെ. ദിവാകരൻ, ഡി. ദീപ എന്നിവർ സംസാരിച്ചു. സംഭവത്തിൽ മരണപ്പെട്ട നന്ദകുമാറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ എത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. 

Tags:    
News Summary - Tearful farewell to Krishnapriya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.