തിരുവനന്തപുരം: കേരള സർവകലാശാല എജുക്കേഷൻ വിഭാഗത്തിലെ വിവാദ അധ്യാപക നിയമനം സംബന്ധിച്ച് സിൻഡിക്കേറ്റ് യോഗത്തിൽ വാക്കുതർക്കവും വി.സിയെ തടഞ്ഞുവെക്കലും. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ അധ്യാപക നിയമന ആരോപണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നാലംഗ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തി. അതിനിടെ, വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.െഎ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.
അധ്യാപക നിയമന വിവാദം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വ. എ.എ. റഹീം കൺവീനറും ഡോ. എം ജീവൻലാൽ, എം. ശ്രീകുമാർ, അഡ്വ. ജോൺസൺ എബ്രഹാം എന്നിവർ അംഗങ്ങളുമായ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. റിപ്പോർട്ടിന്മേൽ തുടർനടപടികൾ തീരുമാനിക്കാൻ 16ന് പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേരും. ബുധനാഴ്ച രാവിലെ സിൻഡിക്കേറ്റ് യോഗം ചേർന്ന ഉടൻ ഇടതുപക്ഷത്തെ അഡ്വ. കെ.എച്ച്. ബാബുജൻ ആണ് ഉദ്യോഗാർഥിയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം അവതരിപ്പിച്ചത്. നിയമനക്കാര്യം വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇതുസംബന്ധിച്ച് ചാൻസലറെ അറിയിക്കണമെന്നും വിഷയത്തിൽ തീരുമാനമാകുന്നതുവരെ വൈസ് ചാൻസലർ അധ്യക്ഷനായ അധ്യാപക നിയമന സമിതി മരവിപ്പിക്കണമെന്നുമുള്ള നിർേദശങ്ങൾ അംഗങ്ങൾ മുന്നോട്ടുവെച്ചു.
നിർേദശങ്ങൾ അംഗീകരിക്കാനും വി.സി തയാറായില്ല. തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനുള്ള അംഗങ്ങളുടെ നീക്കവും വി.സി തടഞ്ഞു. ഇതോടെ യോഗത്തിൽ വാക്കുതർക്കം മുറുകി. രംഗം കലുഷിതമായതോടെ യോഗം അവസാനിപ്പിച്ച് പുറത്തുകടക്കാൻ ശ്രമിച്ച വി.സിയെ സിഡേിക്കേറ്റംഗങ്ങൾ തടഞ്ഞു. അതേസമയം, വി.സിയുടെ രാജി ആവശ്യപ്പെട്ട് സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനം സംഘർഷഭരിതമായി. ക്രമക്കേട് അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്താനും16 ന് പ്രത്യേക സിൻഡിക്കേറ്റ് ചേരാനും ധാരണയായതോടെയാണ് ഉച്ചക്ക് ഒന്നേകാലോടെ വി.സിക്ക് സിൻഡിക്കേറ്റ് റൂമിൽനിന്ന് പുറത്തുകടക്കാനായത്.
സർവകലാശാല എജുക്കേഷൻ വകുപ്പിലെ അസിസ്റ്റൻറ് പ്രഫസർ നിയമനത്തിൽ ഗവേഷണ ബിരുദം ഉൾപ്പെടെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഇൻറർവ്യൂവിൽ അർഹമായ മാർക്ക് നൽകാതിരിക്കുകയും അനർഹർക്ക് അധികം മാർക്ക് നൽകുകയും ചെയ്തതായാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.