പ്രൊഫസർ വിശ്വനാഥൻ ആനന്ദ്
തൊടുപുഴ: പരീക്ഷാഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിൽ ഒരുപതിറ്റാണ്ടിന് ശേഷം അധ്യാപകൻ കുറ്റവിമുക്തൻ. മൂന്നാർ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. പോലീസിനെതിരെയും വിമർശനമുണ്ടായി.
2014-ലാണ് കേസിന് ആസ്പദമായ സംഭവം. ഓഗസ്റ്റ് 27-നും സെപ്റ്റംബർ അഞ്ചിനുമിടയിൽ കോളേജിൽ നടന്ന എം.എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടി. പിന്നാലെ, സംഭവം സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാൻ പരീക്ഷ നിരീക്ഷകനെ ചുമതലപ്പെടുത്തി. എന്നാൽ, പരീക്ഷ നിരീക്ഷകൻ നിർദേശം അനുസരിച്ചില്ല.
വിദ്യാർഥിനികൾ എസ്.എഫ്.ഐ പ്രവർത്തകരായിരുന്നതിനാലാണ് ഇടത് അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയായ പരീക്ഷ നിരീക്ഷകൻ സംഭവം റിപ്പോർട്ട് ചെയ്യാതിരുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ, പീഡന ആരോപണം ഉന്നയിച്ച് അഞ്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി.
പ്രൊഫസർ പരീക്ഷാഹാളിൽ വെച്ച് തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, ലൈംഗീക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ നാല് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇതിൽ രണ്ടുകേസിൽ ആനന്ദ് വിശ്വനാഥനെ കോടതി വെറുതെവിട്ടു. എന്നാൽ, മറ്റ് രണ്ടു കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു.
കോടതിവിധിക്കെതിരെ ആനന്ദ് വിശ്വനാഥൻ 2021-ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. തുടർന്ന്, കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നീരീക്ഷിച്ച കോടതി ആനന്ദിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.