നിര്‍മാണം പൂര്‍ത്തിയായ ടാറ്റ ആശുപത്രി

ആദ്യ സമ്പൂര്‍ണ ടാറ്റ കോവിഡ് ആശുപത്രി സെപ്റ്റംബര്‍ ഒമ്പതിന് കൈമാറും

കാസർകോട്​: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറി​െൻറ സഹായത്തോടെ ടാറ്റ ഗ്രൂപ് ജില്ലയില്‍ നിര്‍മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒമ്പതിന് ടാറ്റ ഗ്രൂപ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറും. തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചക്ക് 12ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് ഏറ്റുവാങ്ങുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രി ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ ഉള്‍​െപ്പടെ ക്ഷണിക്കപ്പെട്ട 50 പേര്‍ പങ്കെടുക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചവര്‍ക്കുള്ള അനുമോദന പത്രം നല്‍കും.

ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു നല്‍കിയ പിന്തുണയും റവന്യൂ അധികൃതരും ജില്ല ഭരണ സംവിധാനവും പ്രദേശവാസികളും നല്‍കിയ സഹായസഹകരണങ്ങളുമാണ് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായതെന്ന് ടാറ്റ ഗ്രൂപ് പ്രോജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ പി.എൽ. ആൻറണി പറഞ്ഞു. തുടക്കത്തില്‍ കോവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തനമാരംഭിക്കുക. അതിനു ശേഷം എങ്ങനെ ഉപയോഗിക്കണമെന്ന് തിരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന്​ സോണുകള്‍, 551 കിടക്കകള്‍

ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറൻറീന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റിവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസൊലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒാരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യൂനിറ്റുകളില്‍ ശുചിമുറിയോടുകൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂനിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്.

ഒരു യൂനിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81,000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷൻ സംവിധാനം, കാൻറീന്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി. ദേശീയ പാതക്ക് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഭൂമി നിരപ്പാക്കി ആശുപത്രിക്ക് അനുയോജ്യമാക്കുകയുമായിരുന്നു.

ടാറ്റയുടെ ഓണ സമ്മാനം

തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാറും ജില്ല ഭരണകൂടവുമാണ് ഒരുക്കിനല്‍കിയത്.

1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേഴ്​സ്, എട്ട് ഓവര്‍ഫ്ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്.

ആശുപത്രി യൂനിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്തത്.ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തര ഘട്ടങ്ങളില്‍ ടാറ്റ ഗ്രൂപ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്​ഥാനത്തില്‍ നിർമിച്ച്​ നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോട്ടാണ് ചെയ്യുന്നത്.

നിര്‍മാണം: നാലു മാസം, 50 തൊഴിലാളികള്‍

ഏപ്രില്‍ 28, 29 തീയതികളിലാണ് ആശുപത്രി നിര്‍മാണം ആരംഭിച്ചത്. ആഗസ്​റ്റ്​ അവസാനത്തോടെ പൂര്‍ത്തീകരിച്ചു.തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു.എന്നിരുന്നാലും നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.