പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു;  വൻ ദുരന്തം ഒഴിവായി

ചാത്തന്നൂർ: ദേശീയപാതയില്‍ പാചക വാതകവുമായി വരുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. പാചകവാതകം ചോരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടോടെ ദേശീയപാതയിൽ ചാത്തന്നൂർ ശീമാട്ടിക്കടുത്ത് സ്പിന്നിങ്​ മില്ലിന് സമീപത്തായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന്​ 17 മെട്രിക് ടൺ പാചക വാതകവുമായി പാരിപ്പള്ളിയിലെ ഐ.ഒ.സി പ്ലാൻറിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്.

തിരുവനന്തപുരം ഭാഗത്തുനിന്ന്​ വരുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടന്ന്​ എത്തിയതിനെത്തുടർന്ന്​ അതിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെയാണ് ടാങ്കറി​​െൻറ ചക്രങ്ങൾ ഓടയിൽപെട്ടതെന്നാണ്​ ലോറി ഡ്രൈവർ തമിഴ്നാട് പെരുവള്ളൂർ സ്വദേശി ശരവണൻ പൊലീസിനോട് പറഞ്ഞത്.

ചാത്തന്നൂർ പൊലീസ്​ വൈദ്യുതി ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട്​ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന്,​ പൊലീസ്​ വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു. ഒപ്പം പ്രാദേശവാസികളെ ഒഴിപ്പിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പരവൂർ, കുണ്ടറ, ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽനിന്ന്​ ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു.അപകടവിവരമറിഞ്ഞയുടൻ തന്നെ പാരിപ്പള്ളിയിലെ ഐ.ഒ.സി പ്ലാൻറിൽനിന്ന്​ സേഫ്റ്റി ഓഫിസറും മാനേജരും ടെക്നീഷ്യൻമാർ അടങ്ങുന്ന സംഘവും സ്ഥലത്തെത്തി. സേഫ്റ്റി ഓഫിസർ അജ്മലി​​െൻറ നേതൃത്വത്തിൽ എക്സ്പ്ലോസിവ് മീറ്റർ ഉപയോഗിച്ച് പാചകവാതകം ചോരുന്നില്ലെന്ന് ഉറപ്പുവരുത്തിയതോടെയാണ് ഭീതി അകന്നത്. മൂന്ന്​ ക്രെയിനുകൾ ഉപയോഗിച്ചാണ്​ ബുള്ളറ്റ് ടാങ്കർ ഉയർത്തി മാറ്റാനുള്ള ജോലികൾ നടത്തിയത്​.

മംഗലാപുരത്തുനിന്ന്​ വ്യാഴാഴ്ച പുറപ്പെട്ട ബുള്ളറ്റ് ടാങ്കർ ലോറിയാണിത്. അപകടം നടക്കുമ്പോൾ ഒരു ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. രണ്ട് ഡ്രൈവർമാർ വേണമെന്നാണ് നിയമം. 
ഒരു ഡ്രൈവർ ആലപ്പുഴയിൽ ഇറങ്ങിയതായാണ് ഡ്രൈവർ പറയുന്നത്. ജി.എസ്. ജയലാൽ എം.എൽ.എ, എ.സി.പി ഷൈനു തോമസ്, തഹസിൽദാർ ശശിധരൻ പിള്ള, പാരിപ്പള്ളി ഐ.ഒ.സി പ്ലാൻറ്​ മാനേജർ സോമലത, ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം എന്നിവിടങ്ങളിൽനിന്നുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

Tags:    
News Summary - Tanker lorry accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.