പറമ്പികുളം-ആളിയാർ കരാർ: കേരള അതിർത്തിയിൽ വാഹനങ്ങൾ തടയുന്നു

ചിറ്റൂർ: പറമ്പിക്കുളം ആളിയാർ കരാർ ലംഘനത്തിൽ അതിർത്തി മേഖലകൾ സംഘർഷഭരിതം. അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾക്ക് സമീപത്തെല്ലാം സമരക്കാർ തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ച വഴി തടയൽ സമരത്തെത്തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി, പാൽ, ഇറച്ചിക്കോഴി എന്നിവയുടെ വരവ് നിലച്ചു. വ്യാഴാഴ്ച്ച രാത്രി 10.30 ഓടെ സമരത്തെത്തുടർന്ന് അതിർത്തിയിൽ വച്ച് തമിഴ്നാട് വാഹനങ്ങൾ തിരിച്ചു പോവുകയായിരുന്നു. പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം നൽകാൻ തമിഴ്നാട് തയ്യാറാവാത്തതിനെത്തുടർന്നാണ് സമരം ആരംഭിച്ചത്.

കരാർ പ്രകാരം ഇനിയും 2.5 ടി.എം.സി വെള്ളം കേരളത്തിന് നൽകണമെന്നിരിക്കെ  മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരും കേരളത്തിലെ ഉദ്യോഗസ്ഥരും നിരന്തരം ആവശ്യപ്പെട്ടിട്ടും അർഹതപ്പെട്ട വെള്ളം നൽകാൻ തയ്യാറായിട്ടില്ല. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിതല ചർച്ചയിലെ തീരുമാനങ്ങൾ ലംഘിക്കപ്പെടുകയും മുഖ്യമന്ത്രി തന്നെ തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് കത്തുനൽകിയിട്ടും തമിഴ്നാട് പ്രതികരിക്കാൻ തയാറായില്ല. എന്നാൽ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ നിന്ന് ആളിയാറിലേക്കിറക്കാതെ കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേയ്ക്ക് വെള്ളം കൊണ്ടുപോവുന്നുമുണ്ട്. ഇപ്പോൾ തന്നെ കിഴക്കൻ മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇനിയും ചർച്ചകൾക്കായി കാത്തിരുന്നാൽ ചിറ്റൂർപ്പുഴയിലെ കുടിവെള്ള പദ്ധതികൾ അവതാളത്തിലാവും. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻകുട്ടി സർവ്വകക്ഷി യോഗം വിളിച്ച് വഴി തടയൽ സമരം നടത്താൻ തീരുമാനിച്ചത്. 

ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി, വേലന്താവളം എന്നിവിടങ്ങളിലാണ് പ്രധാനമായും വാഹനങ്ങൾ തടഞ്ഞത്. രാത്രി മുതൽ വാഹനങ്ങൾ തിരിച്ചയയ്ക്കാൻ തുടങ്ങിയതോടെ കാലത്തു മുതൽ ചരക്കു വാഹനങ്ങൾ വരാതെയായി. മീനാക്ഷിപുരത്തിന് സമീപം വളന്തായ് മരത്തിൽ കേരളത്തിൽ നിന്നുള്ള യാത്രാ വാഹനങ്ങളെ തമിഴ്നാട് ദ്രാവിഡ കഴകം പ്രവർത്തകരും തടഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങൾ തടയുന്നതിനെതിരെ പ്രതിഷേധവുമായെത്തിയവർ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ് തിരിച്ചയയ്ക്കാൻ ശ്രമിച്ചു. തമിഴ്നാട് എ.എസ്.പി മുത്തുവേലിന്‍റെ നേതൃത്വത്തൽ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. അർഹതപ്പെട്ട വെള്ളം ലഭിക്കുന്നതു വരെ വഴി തടയൽ തുടരുമെന്നാണ് സമരക്കാരുടെ നിലപാട്.

Tags:    
News Summary - Tamilnadu Goods Vehicle Stops at Kerala Border-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.