മോദിയുമായി കൂടിക്കാഴ്ച നടത്തിയ വിജയ് കോൺഗ്രസ് നേതാക്കളെ കാണാതെ മടങ്ങിയതിൽ അഭ്യൂഹം, പക്ഷേ കാരണം ഇതാണ്...

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ വിജയ് സഖ്യകക്ഷിയായ കോൺഗ്രസിന്റെ ദേശീയ നേതാക്കളെ കാണാതെ മടങ്ങിയതുമായി ബന്ധപ്പെട്ട വിവാദം. വിജയ് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കി വിജയ് വ്യാഴാഴ്ച തന്നെ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ് വിജയ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താതെ മടങ്ങാൻ കാരണമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് തള്ളിക്കളയുകയാണ് കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക്. കോൺഗ്രസും ടി.വി.കെയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളുടെ തിരക്കേറിയ ഷെഡ്യൂൾ കാരണമാണ് കൂടിക്കാഴ്ച മാറ്റിവച്ചതെന്നും ജൂണിൽ ഡൽഹിയിൽ എത്തുന്ന വിജയ് കോൺഗ്രസ് നേതാക്കളെ കാണും എന്നും അദ്ദേഹം പറഞ്ഞു. "മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയെ കണ്ട് പോയി. ജൂൺ 11ന് അദ്ദേഹം വീണ്ടും ന്യൂഡൽഹി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ സമയത്ത് അദ്ദേഹം തീർച്ചയായും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണും," തിലക് പറഞ്ഞു.

കർണാടക നേതാക്കളുമായുള്ള ചർച്ചകളും ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാ സീറ്റുകൾ സംബന്ധിച്ച ചർച്ചകളും ഉൾപ്പെടെയുള്ള സംഘടനാ കാര്യങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ തിരക്കിലാണെന്നും തിലക് പറഞ്ഞു."നേതൃത്വം ഈ അടിയന്തര കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, മുഖ്യമന്ത്രിയുമായി വിശദമായ ഒരു കൂടിക്കാഴ്ച ഈ ഘട്ടത്തിൽ സാധ്യമല്ല," അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) നടന്ന പ്രതിമ അനാച്ഛാദന ചടങ്ങ് ഉൾപ്പെടെ വിജയ്ക്ക് മറ്റ് ഷെഡ്യൂൾ ചെയ്ത പരിപാടികളുണ്ടെന്നും കോൺഗ്രസ് എംപി പറഞ്ഞു.

"ഞങ്ങൾ സഖ്യകക്ഷികളാണ്, സർക്കാരിന്റെ ഭാഗമാണ്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളോ അഭിപ്രായവ്യത്യാസമോ ഇല്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിജയ്യെ ഊഷ്മളമായി പിന്തുണച്ച ആദ്യ നേതാക്കളിൽ രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ഇതിൽ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ല" അദ്ദേഹം പറഞ്ഞു. അത്താഴവിരുന്നിനെക്കുറിച്ച് റിപ്പോർട്ടുകളെക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നും തിലക് പറഞ്ഞു.പ്രധാനമന്ത്രിയുമായുള്ള വിജയിയുടെ കൂടിക്കാഴ്ചയിൽ മേക്കേദാട്ടു അണക്കെട്ട് പ്രശ്നം, മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ്, തമിഴ് തായ് വാഴ്ത്തു തർക്കം, മന്ത്രിസഭാ വികസനം എന്നിവയുൾപ്പെടെ തമിഴ്നാടിനെ സംബന്ധിച്ച നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

കേന്ദ്ര ധനമന്ത്രി സീതാരാമനുമായും വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാടിന്റെ വികസനത്തിന് നിർണായകമായ തുറമുഖങ്ങൾ, ദേശീയ പാതകൾ, റെയിൽവേ പദ്ധതികൾ, വ്യാവസായിക ഇടനാഴികൾ എന്നിവയ്ക്ക് മുൻഗണനാ ധനസഹായം ആവശ്യപ്പെട്ട് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.

Tags:    
News Summary - Tamil Nadu CM Vijay wraps up Delhi visit, skips meeting Congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.