തിരുവനന്തപുരം: 40,000 രൂപ കൈക്കൂലി വാങ്ങവേ താലൂക്ക് സർവേയർ വീണ്ടും വിജിലൻസ് പിടിയിൽ. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക് ഓഫീസിലെ സർവേയർ പി.സി. രാമദാസിനെയാണ് കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് വീണ്ടും പിടികൂടിയത്. വസ്തുവിന്റെ സർവേ നമ്പർ ശരിയാക്കി നൽകുന്നതിലേക്കുളള സർട്ടിഫിക്കറ്റ് നൽകുന്നതിനുവേണ്ടിയാണ് 40,000 രൂപ രാമദാസ് കൈക്കൂലി ചോദിച്ച് വാങ്ങിയത്. കരിമ്പുഴ വില്ലേജിൽ ജോലി ചെയ്യുമ്പോൾ 2016 ൽ 5,000 രൂപ കൈക്കൂലി വാങ്ങിയപ്പോഴും വിജിലൻസ് രാമദാസിനെ കൈയോടെ പിടികൂടിയിരുന്നു.
മണ്ണാർക്കാട് ചിറക്കൽ സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പന്ത്രണ്ടര സെന്റ് വസ്തു തരംമാറി കിടക്കുന്നത് ശരിയാക്കുന്നതിന് കഴിഞ്ഞ വർഷം ജൂലൈ 20ന് അപേക്ഷ നൽകിയിരുന്നു. വില്ലേജ് ഓഫീസർക്ക് സ്ഥലം തിരിച്ചറിയാൻ സാധിക്കാത്തതിനാൽ അപേക്ഷ തഹസീൽദാർക്ക് അയച്ചു. തഹസീൽദാർ സർവേയറുടെ റിപ്പോർട്ടിനായി താലൂക്ക് സർവേയറായ പി.സി. രാമദാസിനെ എല്പിക്കുകയും ചെയ്തു.
തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് മാസം സ്ഥല പരിശോധനക്ക് എത്തിയ സർവേയർ 2,500 രൂപ കൈക്കൂലി അന്ന് വാങ്ങി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കണമെങ്കിൽ 75,000 രൂപ കൂടി കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. 75,000 രൂപ കുറച്ച് കൂടുതലല്ലേ എന്ന് പറഞ്ഞപ്പോൾ 60,000 രൂപയാക്കി കുറച്ചുനൽകിയെങ്കിലും കൈക്കൂലി നൽകാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല.
കഴിഞ്ഞ ആഴ്ച പരാതിക്കാരൻ വീണ്ടും നേരിട്ട് ചെന്ന് രാമദാസിനെ കണ്ട് കൈക്കൂലി തുക കുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 40,000 രൂപയായി കുറച്ച് നൽകി. ഇന്നലെ വൈകീട്ട് വീണ്ടും രാമദാസ് പരാതിക്കാരനെ ഫോണിൽ വിളിച്ച് കൈക്കൂലി തുക നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് പാലക്കാട് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എം ദേവദാസനെ അറിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് ഉച്ചക്ക് 12.20 മണിയോടെ ചിറക്കൽപ്പടിയിൽ മറ്റൊരു വസ്തു അളന്നുകൊണ്ട് നിൽക്കവെ പരാതിക്കാരനില്‍ നിന്നും രാമദാസ് 40,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
2016 ഒക്ടോബർ മാസത്തിൽ ഒറ്റപ്പാലം താലൂക്ക് സർവേയറായിരിക്കെ പി.സി. രാമദാസ് കരിമ്പുഴ വില്ലേജ് പരിധിയിൽപ്പെട്ട മറ്റൊരു പരാതിക്കാരനിൽ നിന്നും സർവേ റിപ്പോർട്ട് നൽകുന്നതിലേക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ വേളയിലും പാലക്കാട് വിജിലൻസ് കൈയോടെ പിടികൂടിയിരുന്നു. ഈ കേസിൽ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകി. കേസ് തൃശ്ശൂർ വിജിലൻസ് കോടതിയിൽ വിചാരണയിലിരിക്കവെയാണ് ഇന്ന് രാമദാസിനെ 40,000 രൂപ കൈക്കൂലി വാങ്ങവെ വീണ്ടും വിജിലൻസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന വിജിലൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.