എം. കുഞ്ഞാപ്പയുടെ കുഞ്ഞിച്ചുണ്ടനും കുട്ടിത്താറാവും ബാലസാഹിത്യ കൃതി മന്ത്രി എൻ. ഷംസുദ്ദീൻ ഡോ. ജോർജ് ഓണക്കൂറിനു നൽകി പ്രകാശനം ചെയ്യുന്നു

പി.എൻ. പണിക്കർ കേരളത്തിന്റെ വായന സംസ്കാരത്തെ മാറ്റിമറിച്ചു -മന്ത്രി ഷംസുദ്ദീൻ

തിരുവനന്തപുരം: തിരുവനന്തപുരം: പി.എൻ. പണിക്കർ കേരളത്തിന്റെ വായന സംസ്കാരത്തെ മാറ്റിമറിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. തിരുവനന്തപുരം പ്രസ്സ് ക്ലബ് കോൺഫറൻസ് ഹാളിൽ വർക്കല പൂർണാ എജുക്കേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച വായന വാരാചരണവും പി.എൻ. പണിക്കർ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗകര്യങ്ങളില്ലാത്ത കാലത്ത് സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ മലയാളികൾക്ക് മറക്കാനാവില്ല. കുട്ടികളുടെ നല്ല വളർച്ചയ്ക്ക് മികച്ച ബാലസാഹിത്യ കൃതികൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ. ജോർജ് ഓണക്കൂർ വായനദിന സന്ദേശം നൽകി. രാജ്യത്ത് ഗ്രാമീണ വായനശാലകൾ ​നിലനിൽക്കുന്നത് നമ്മുടെ സംസ്ഥാനത്ത് മാത്രമാണ്. അത് പി.എൻ. പണിക്കർ സ്ഥാപിച്ച അടിത്തറയിലാണ് വളർന്നത്. മികച്ച പുസ്തകങ്ങൾക്ക് മനുഷ്യനെ മാറ്റിത്തീർക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. പി.കെ. സുകുമാരൻ അധ്യക്ഷതവഹിച്ചു.

ജില്ല പഞ്ചായത്ത് മുൻ അംഗം വി. രഞ്ജിത്, ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, പൂർണ ഫൗണ്ടേഷൻ എഡിറ്റർ ഷാജി ഭാനുവിലാസ്, അഡ്മിനിസ്ട്രേറ്റർ എം.ജി.കെ. പിള്ള, മാതൃഭൂമി സീനിയർ ഡെപ്യൂട്ടി എഡിറ്റർ കെ. മധു എന്നിവർ സംസാരിച്ചു. മലയാള ബാലസാഹിത്യരംഗത്ത് അമ്പത് വർഷം പിന്നിട്ട സിപ്പി പള്ളിപ്പുറത്തെ ആദരിച്ച് സംസ്ഥാനതലത്തിൽ ‘സിപ്പിമാഷും കുട്ട്യോളും’ എന്ന പേരിൽ നടത്തുന്ന വർഷം നീണ്ടുനിൽക്കുന്ന പുസ്‌തകോത്സവവും മന്ത്രി ഉദ്ഘാടനം ചെയ്തു.

എം. കുഞ്ഞാപ്പയുടെ കുഞ്ഞിച്ചുണ്ടനും കുട്ടിത്താറാവും, സാഗാ ജെയിംസിന്റെ ​ലോല: ജീനോമിലെ നീലക്കണ്ണുകൾ, റാണി പി.കെയുടെ കുഞ്ഞിക്കഥകളും കൂട്ടുകാരും, അരവിന്ദ് കൃഷ്ണയുടെ ആറ് ഇംഗ്ലീഷ് പുസ്തകങ്ങളും മന്ത്രി ഡോ. ജോർജ്ജ് ഓണക്കൂറിനു നൽകി പ്രകാശനം ചെയ്തു.

Tags:    
News Summary - P.N. Panicker changed the reading culture of Kerala - Minister Shamsuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.