ഷാഫി പറമ്പിൽ, ടി. സിദ്ദീഖ്, ഇ.എൻ സുരേഷ് ബാബു
‘ഷാഫിയെ തൊടാനും ആക്രമിക്കാനും പൊതുസമൂഹം അനുവദിക്കില്ല’; സി.പി.എം അധിക്ഷേപത്തിനെതിരെ ടി. സിദ്ദീഖ്
ന്യൂഡൽഹി: കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പിക്കെതിരായ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയുടെ അധിക്ഷേപത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ടി. സിദ്ദീഖ് എം.എൽ.എ രംഗത്ത്. ഷാഫിയെ തൊടാനും ആക്രമിക്കാനും പൊതുസമൂഹം അനുവദിക്കില്ലെന്ന് സിദ്ദീഖ് പറഞ്ഞു.
ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും പൊതുമധ്യത്തിൽ അപമാനിക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്‍റെ ശൈലിയാണ്. യുവജനങ്ങളുടെ മുന്നേറ്റം കേരളത്തിലെ കോൺഗ്രസിലുണ്ട്. യുവനേതാക്കളെ ഒറ്റതിരിഞ്ഞ് അപമാനിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. അതിന്‍റെ ഭാഗമാണ് ഷാഫിക്കെതിരായ ആക്രമണം. അതിനെയെല്ലാം കോൺഗ്രസ് അതിജീവിക്കും. ഷാഫി മത്സരിക്കുമ്പോൾ സാമുദായികമായി ചിത്രീകരിക്കാനുള്ള ശ്രമം നടത്തി.
ഇപ്പോൾ മറ്റ് രീതിയിൽ ഷാഫിയെ അപമാനിക്കാൻ ശ്രമിക്കുകയാണ്. ബൽറാമിനെതിരെയും ആക്രമണമുണ്ടായി. തനിക്കെതിരെ 'ക്വട്ടേഷൻ മാഫിയ ക്രിമിനൽ സംഘത്തലവൻ' എന്ന് പറഞ്ഞാണ് സി.പി.എം കൽപറ്റയിൽ പ്രകടനം നടത്തിയത്. സി.പി.എമ്മിന്‍റെ അപമാനിക്കലിൽ പേടിക്കുന്നവരല്ല കോൺഗ്രസുകാർ.
സി.പി.എമ്മിനെ കുറിച്ച് പൊതുസമൂഹത്തിന് കൃത്യമായി അറിയാം. ആദ്യം പട്ടിയെന്ന് വിളിക്കും, പിന്നീട് പേപ്പട്ടിയാക്കും, പിന്നെ തല്ലിക്കൊല്ലാനുള്ള നടപടിയെടുക്കും. ആ തല്ലിക്കൊല്ലലും സി.പി.എമ്മിന്‍റെ സ്വഭാവും പൊതുസമൂഹത്തിന് കൃത്യമായി അറിയാമെന്നും ടി. സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഷാഫി പറമ്പിൽ എം.പിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവാണ് രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഹെഡ്‌മാസ്റ്ററാണ് ഷാഫിയെന്ന് പറഞ്ഞ സുരേഷ് ബാബു, ഹെഡ്‌മാസ്റ്റർ സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നും പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ- ‘‘നേതാക്കൾ പേടിക്കുന്നത് വേറെയൊന്നും കൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എം.എൽ.എ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചു കൊണ്ടുവന്ന ഷാഫി പറമ്പിലാണ്. രാഹുൽ രാജിവെക്കണം എന്ന് പറയാൻ ഷാഫി പറമ്പിൽ തയാറാകുമോ? തയ്യാറാകില്ല. കാരണമെന്താ? ഇക്കാര്യത്തിൽ കൂട്ടുകച്ചവടമാണ്. ഇവനെക്കാൾ കൂടുതൽ, ചില ആളുകളെ കാണുമ്പോൾ പരസ്യമായി നേരിട്ട് ചോദിക്കുകയാണെന്നാണ് പറയുന്നത്. അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല.
സത്യം പറഞ്ഞാൽ അതിശയം തോന്നുകയാണ്. ഒരാളെ നന്നായി കണ്ടാൽ ഹെഡ്മാഷ്, ബംഗളൂരുവിലേക്ക് ട്രിപ്പടിക്കുകയല്ലേയെന്നാണ് ചോദിക്കുന്നത്. അപ്പോൾ പിന്നെ രാഹുലിനെതിരെ എന്തെങ്കിലും മിണ്ടുമോ? ഹെഡ്മാഷിനും മുകളിലുള്ള അധ്യാപകരാണ് ബാക്കിയെല്ലാവരും. അതുകൊണ്ടാണ് ഇയാൾക്കെതിരെ അക്ഷരം മിണ്ടാത്തത്. വി.ഡി. സതീശൻ പുറത്താക്കിയെന്ന് പറയാൻ ഒരു പ്രധാന കാരണമുണ്ട്. അത് ഞങ്ങൾ പിന്നെ വെളിപ്പെടുത്താം. കേറിക്കേറി മുറത്തിൽക്കയറി കൊത്തിയെന്നാണ് കേൾക്കുന്നത്.’’ -സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞു.
ഇ.എൻ സുരേഷ് ബാബു തനിക്കെതിരെ നടത്തിയത് അധിക്ഷേപമാണെന്നും മറുപടി അര്‍ഹിക്കാത്തതാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. ഇതാണോ സി.പി.എമ്മിന്റെ 2026ലെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതൃത്വം വ്യക്തമാക്കണം. ഒരു ജില്ല സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതാണോ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയെന്ന് സംസ്ഥാന സെക്രട്ടറിയും ജനറൽ സെക്രട്ടറി എം.എ. ബേബിയും മറുപടി പറയണം.
ജനങ്ങളുടെ മുന്നില്‍ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അധിക്ഷേപമീന്നയിച്ച് വ്യക്തിഹത്യ നടത്തി ചര്‍ച്ചകളുണ്ടാക്കുന്നത്. ആദ്യം തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോൾ പുതിയ ആയുധമിറക്കുകയാണ്. എല്ലാം ജനങ്ങൾക്കറിയാം. നിയമനടപടി ആലോചിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് ഉത്തരം നല്‍കിയിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നും ഷാഫി പറഞ്ഞു.
അതേസമയം, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഇ.എൻ സുരേഷ് ബാബു രംഗത്തെത്തി. ആദ്യ പ്രസ്താവനയിലെ പരാമർശത്തിൽ താൻ ഷാഫി പറമ്പിൽ എന്ന പേര് പറഞ്ഞിട്ടില്ലെന്നും ഷാഫി നിയമപരമായി നീങ്ങട്ടെയെന്നുമായിരുന്നു വിശദീകരണം. ‘‘രാഹുലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ, ഷാഫി തന്നെ അത് ഏറ്റെടുത്തു. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളിയുണ്ടോയെന്ന് നോക്കുന്നത്. പറയേണ്ടത് പറയാൻ ശേഷിയുള്ളതു കൊണ്ടാണ് ഞാൻ പറഞ്ഞത്. തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടും’ - സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.