‘സിദ്ധാർഥന്റെ കരച്ചിൽ കേരളം കേട്ടില്ലേ?, ടി. പത്മനാഭൻ ചോദിക്കുന്നു...

കണ്ണൂർ: ‘ജീവനുവേണ്ടി ആവുന്നത്ര ഉച്ചത്തിൽ യാചിച്ച സിദ്ധാർഥന്റെ കരച്ചിൽ കേരളം കേട്ടില്ലേ?’ എന്ന ചോദ്യവുമായി സാഹിത്യകാരൻ ടി. പത്മനാഭൻ. മൂന്നു ദിവസം ആ കുട്ടിയെ വിവസ്ത്രനായി കെട്ടിയിട്ട് മർദിച്ചത് കൂടെയുള്ള വിദ്യാർഥികൾ കണ്ടു രസിക്കുകയായിരുന്നു. അപരന്റെ ശബ്ദം സംഗീതം പോലെ കേട്ട് ആസ്വദിക്കുന്ന ഒരു സംഘടനയുടെ തണലിൽ വളരുന്നവരാണ് സംഭവത്തിലെ പ്രധാന കുറ്റവാളികൾ. ഈ കേസ് തേഞ്ഞുമാഞ്ഞു പോകാതിരിക്കട്ടെയെന്നു പ്രാർഥിക്കുകയല്ലാതെ വേറെ നിർവാഹമില്ലെന്നും കേളകം മഞ്ഞളാംപുറം യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘സിദ്ധാർഥനെ മൂന്നു ദിവസം വിവസ്ത്രനാക്കി കെട്ടിയിട്ടു മാറിമാറി മർദിച്ചു രസിച്ചു. എത്രയോ വിദ്യാർഥികൾ അതു കണ്ടു രസിക്കുകയായിരുന്നു. വിദ്യാർഥികളുടെ കാര്യത്തിൽ ബാധ്യതയുള്ള ഡീനും വാർഡനുമൊന്നും അതുകേട്ട ഭാവം നടിച്ചില്ല. സിദ്ധാർഥൻ മരിച്ചത് വീട്ടിൽ അറിയിച്ചതുതന്നെ വളരെ വൈകിയാണ്. ജനരോഷം ഭയന്ന്, ഡീനും വാർഡനും സിദ്ധാർഥന്റെ വീട്ടിൽ പോയത് പൊലീസ് അകമ്പടിയിലായിരുന്നു. സംഭവത്തിലെ പ്രധാന കുറ്റവാളികൾ കേരളത്തിലെ വളരെ സജീവമായ വിദ്യാർഥിസംഘടനയുടെ ഭാരവാഹികളും നേതാക്കളുമാണ്.

അപരന്റെ ശബ്ദം സംഗീതം പോലെ കേട്ട് ആസ്വദിക്കുന്ന ഒരു സംഘടനയുടെ തണലിൽ വളരുന്നവരാണ് ആ വിദ്യാർഥികൾ. അവരൊക്കെ ഇപ്പോൾ ഒളിവിലാണ്. ഈ കേസ് എന്താകുമെന്ന് അറിയില്ല. തേഞ്ഞുമാഞ്ഞു പോയേക്കാം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മുൻ അനുഭവങ്ങൾ അതാണ്. അങ്ങനെ വരാതിരിക്കട്ടെയെന്നു പ്രാർഥിക്കുകയല്ലാതെ വേറെ നിർവാഹമി​ല്ലെന്നും ടി. പത്മനാഭൻ പറഞ്ഞു.

Tags:    
News Summary - T. Padmanabhan reacts on Siddharthan's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.