കാൽകഴുകൽ ശുശ്രൂഷ: സ്​ത്രീകളെ ഉൾപ്പെടുത്തേണ്ടെന്ന്​ സീറോ മലബാർസഭ

കൊച്ചി: െപസഹ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പ നിർദേശിച്ച മാറ്റം നടപ്പാക്കേണ്ടതില്ലെന്ന് സീറോ മലബാർസഭ തീരുമാനം. സ്ത്രീകളുടേതടക്കം കാൽകഴുകൽ നിർവഹിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശമാണ് മെത്രാൻ സമിതിയിൽ ചർച്ച ചെയ്ത് ഒഴിവാക്കിയത്. കാൽകഴുകൽ കർമത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 12 പേരിൽ ദൈവജനത്തി​െൻറ മുഴുവൻ പ്രാതിനിധ്യം എന്ന നിലയിൽ പുരുഷന്മാർ, സ്ത്രീകൾ, യുവജനങ്ങൾ, പ്രായമായവർ, ആരോഗ്യമുള്ളവർ, രോഗികൾ, വൈദികർ, സിസ്റ്റേഴ്സ്, ബ്രദേഴ്സ് എന്നിവരുടെ പ്രതിനിധികൾ ഉണ്ടായിരിക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ 2016 ജനുവരി ആറിന് തിരുത്തലിലൂടെ നിർദേശിച്ചത്.

എന്നാൽ, തെരഞ്ഞെടുക്കപ്പെടുന്ന 12 പുരുഷന്മാരുടെയോ ആൺകുട്ടികളുടെയോ കാൽകഴുകുന്ന നിലവിലെ രീതി തുടർന്നാൽ മതിയെന്നാണ് കർദിനാൾ ജോർജ് ആലഞ്ചേരി സഭയിലെ അജപാലകർക്ക് നിർദേശം നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയും ചിലയിടങ്ങളിൽ സ്ത്രീകളുടെ കാൽകഴുകൽ നിർവഹിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയം സിനഡിൽ അടക്കം ചർച്ച ചെയ്ത് തീരുമാനമെടുത്തത്. പൗരസ്ത്യസഭകൾ ഇന്നും 12 പുരുഷന്മാരുടെ അഥവ ആൺകുട്ടികളുടെ കാലുകൾ കഴുകുന്ന പാരമ്പര്യമാണ് തുടരുന്നത്.

ഭാരതത്തിലെ കത്തോലിക്കരും ഓർത്തഡോക്സ്, മാർത്തോമ പാരമ്പര്യക്കാരായ മറ്റ് സഭകളും ഇൗ രീതിയാണ് അവലംബിച്ചു പോരുന്നത്. കാൽകഴുകൽ ശുശ്രൂഷയിൽ പൗരസ്ത്യസഭകൾ തുടരുന്ന പാരമ്പര്യം   നിലനിർത്താനാണ് സീറോ മലബാർ സഭയും ആഗ്രഹിക്കുന്നത്. അതിരൂപതയിലെ അജപാലകരുടെ ആരാധനക്രമം ഇതനുസരിച്ചാകണമെന്നും കർദിനാൾ ഇടവകകൾക്കയച്ച സർക്കുലറിൽ പറയുന്നു. അതേസമയം, കേരളത്തിലെ ചില ജയിലുകളിലും നേർച്ചയെന്നപോലെ ഭവനങ്ങളിലും കിടപ്പുരോഗികളുടെയും ഭിന്നശേഷിയുള്ളവരുടെയും കാലുകൾ കഴുകുന്ന നിലവിലുള്ള രീതി തുടരാം.

ആരാധനക്രമത്തിൽ മാർപാപ്പ വരുത്തിയ കാൽകഴുകൽ പരിഷ്കരണത്തെക്കുറിച്ച് അജപാലനരംഗത്ത് വ്യത്യസ്ത അഭിപ്രായങ്ങളും ചർച്ചകളും വന്ന സാഹചര്യത്തിൽ പൗരസ്ത്യസഭകൾക്കായുള്ള കോൺഗ്രിഗേഷനോട് വിശദീകരണം ചോദിച്ചപ്പോൾ ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന നിർദേശം ലത്തീൻ സഭക്ക് മാത്രമാണ് ബാധകമെന്ന മറുപടിയാണ് ലഭിച്ചതെന്നും ലത്തീൻ സഭയിൽതന്നെ ഈ മാറ്റം നിർബന്ധമല്ലെന്ന വിശദീകരണം ലഭിച്ചെന്നും കർദിനാൾ വ്യക്തമാക്കുന്നു.

Tags:    
News Summary - syro malabar sabha pesaha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.