സ്വിഫ്റ്റ്: സർവിസുകൾ ഇന്ന് മുതൽ, പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾക്കായി രൂപവത്കരിച്ച സ്വിഫ്റ്റിന് കീഴിലുള്ള സർവിസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും. ആദ്യ ബസ് സർവിസ് ഏപ്രിൽ 11ന് വൈകുന്നേരം 5.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ബംഗളൂരുവിലേക്കാണ് ആദ്യ സർവിസ്. ഒപ്പം പ്രമുഖ നഗരങ്ങളിലേക്കുള്ള സർവിസുകളും ആരംഭിക്കും.

സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 എണ്ണം രജിസ്ട്രേഷൻ നടപടി പൂർത്തിയായി. 28 എണ്ണം എ.സിയാണ്. എട്ട് എണ്ണം എ.സി സ്ലീപ്പറും 20 എണ്ണം എ.സി സെമി സ്ലീപ്പറും. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ ബസുകൾ നിരത്തിൽ ഇറക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ വിഭാഗത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. സ്വകാര്യ കോൺട്രാക്ട് കാര്യേജുകളുടെ മാതൃകയിൽ ടിക്കറ്റ് റിസർവേഷന് സ്വകാര്യ ഫ്രാഞ്ചൈസികളെ ചുമതലപ്പെടുത്താനുള്ള നടപടികളും തുടങ്ങി. അതേസമയം പ്രതിപക്ഷ സംഘടനകൾ കടുത്ത പ്രതിഷേധമുയർത്തി രംഗത്തുണ്ട്. ദീർഘദൂര സർവിസുകളാണ് പ്രധാന വരുമാനമാർഗം. ഓർഡിനറി സർവിസുകളിൽ വരുമാനം കുറവാണ്. വരുമാനം കൂടിയ സർവിസുകളെ പ്രത്യേക കമ്പനിക്ക് കീഴിലാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടത്തിലുള്ള സർവിസുകൾ മാത്രമാകുമെന്നാണ് വിമർശനം. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന സൗകര്യങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും ഇവയുടെ ഉപയോഗവും വിന്യാസവും സംബന്ധിച്ച അവ്യക്തത തുടരുകയാണ്.

സ്വിഫ്റ്റിൽ പുതിയ യൂനിഫോം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ബസിലെ ജീവനക്കാരുടെ യൂനിഫോം പുറത്തിറക്കി. സിഫ്റ്റ് ബസ് നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് ഷർട്ടും കറുത്ത പാന്റും ആണ് ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് നൽകുക.

ഡ്രൈവ് ചെയ്യുന്നവർ തൊപ്പിയും ധരിക്കും. ജീവനക്കാരുടെ നെയിം ബോർഡിനൊപ്പം കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് ചിഹ്നവും യൂനിഫോം സ്പോൺസർ ചെയ്ത ഐ.ഒ.സി ലോഗോയും യൂനിഫോമിലുണ്ട്. 319 ഡ്രൈവർ കം കണ്ടക്ടർമാർക്ക് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒരാഴ്ച പരിശീലനവും തുടർന്ന് കണ്ടക്ടർ പരിശീലനവും നൽകിയ ശേഷമാണ് നിയമനം. ബസുകളിൽ യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യാൻ ഇവരുടെ സേവനം ലഭിക്കും. യാത്രികർക്ക്‌ മികച്ച സേവനങ്ങളാണ് സ്വിഫ്റ്റിലുള്ളതെന്ന് അധികൃതർ അറിയിച്ചു. ലഗേജിന് കൂടുതൽ ഇടവും ഉണ്ടാവും. സുരക്ഷക്കും വൃത്തിക്കും കൂടുതൽ മുൻതൂക്കം നൽകിയാണ് സർവിസുകൾ നടത്തുക.

Tags:    
News Summary - Swift: Services from today, opposition organizations with protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.