സ്വപ്നയുടെ വെളിപ്പെടുത്തലുകൾ: പൊലീസും ഭരണപക്ഷവും വെട്ടിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പുറത്തുവിട്ട ശബ്ദരേഖയും പൊലീസിനെയും ഭരണപക്ഷത്തെയും വെട്ടിലാക്കി. മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും പേരുപറഞ്ഞ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സ്വപ്ന ആരോപിച്ച ഷാജ് കിരണിന്‍റെ മൊഴി രേഖപ്പെടുത്താനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ രഹസ്യമൊഴി നൽകിയശേഷം മാധ്യമങ്ങൾക്കുമുന്നിൽ പരസ്യപ്രതികരണം നടത്തിയ സ്വപ്നക്കെതിരെ മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് കേസെടുത്തത്.

എന്നാൽ, മുഖ്യമന്ത്രിക്കും സി.പി.എം സെക്രട്ടറിക്കും വിജിലൻസ്, ക്രമസമാധാന ചുമതലുള്ള എ.ഡി.ജി.പിമാർക്കുമെതിരെ ആരോപണമുന്നയിക്കുകയും അതിന് പിൻബലം നൽകുന്ന ശബ്ദരേഖ പുറത്തുവരികയും ചെയ്തിട്ടും പൊലീസ് പുലർത്തുന്ന നിസ്സംഗത സംശയമുണ്ടാക്കുന്നു. വിവാദങ്ങളിൽ കേന്ദ്ര ഏജൻസികളുടെ കാര്യമായ ഇടപെടലുണ്ടാകാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദമുയർത്തി പ്രതികളായ സ്വപ്നയും പി.സി. ജോർജും കോടതിയെ സമീപിക്കാൻ നീക്കം ആരംഭിച്ചു. സ്വപ്നയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നുപറഞ്ഞ് തള്ളുമ്പോഴും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഏതെങ്കിലും തരത്തിലെ ഇടപെടൽ നടത്തുമോ എന്ന ആശങ്ക സർക്കാറിനും സി.പി.എം നേതൃത്വത്തിനുമുണ്ട്. മുഖ്യമന്ത്രിയെയോ കുടുംബാംഗങ്ങളെയോ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യാൻ വിളിച്ചാൽ അത് പ്രതിപക്ഷത്തിന് ആയുധമാകുമെന്ന വിലയിരുത്തലാണുള്ളത്. മുഖ്യമന്ത്രി, സി.പി.എം സെക്രട്ടറി എന്നിവരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളതും വിവാദം പുതിയ തലത്തിലേക്ക് പോകുമോയെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.

കെ.ടി. ജലീലിന്‍റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘം അന്വേഷണ നടപടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. സംഘം അടുത്തയാഴ്ച യോഗം ചേരുമെന്നാണ് വിവരം. അതിനൊപ്പം സ്വപ്നക്കെതിരെ രജിസ്റ്റർ ചെയ്ത വ്യാജ സർട്ടിഫിക്കറ്റ്, ലൈഫ്മിഷൻ കേസുകളിലെ അന്വേഷണവും വേഗത്തിലാക്കാനാണ് നീക്കം.  

പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു

തിരുവനന്തപുരം: സ്വർണക്കടത്ത്‌ കേസ് പ്രതി സ്വപ്‌ന സുരേഷിനും പി.സി. ജോർജിനുമെതിരെ രജിസ്റ്റർ ചെയ്ത കേസ്‌ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. കന്‍റോൺമെന്‍റ് പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസി‍െൻറ എഫ്‌.ഐ.ആർ ഉൾപ്പെടെ ഫയലുകൾ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസി‍െൻറ മേൽനോട്ട ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബി‍െൻറ നേതൃത്വത്തിൽ പ്രത്യേകസംഘം അടുത്തയാഴ്ച യോഗം ചേരും.

എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൂടുതലായി ഉൾപ്പെടുത്തിയാണ് സംഘത്തിന് രൂപം നൽകിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കെ.ടി. ജലീൽ എം.എൽ.എ നൽകിയ പരാതിയനുസരിച്ചാണ് ബുധനാഴ്ച രാത്രി കന്‍റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്ന, പി.സി. ജോർജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്. മണിക്കൂറുകൾക്കകമാണ് പ്രത്യേക സംഘം രൂപവത്കരിച്ച് കേസ് കൈമാറി ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    
News Summary - Swapna's revelations: Police and ruling alliance in trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.