തിരുവനന്തപുരം: ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ രജിസ്ട്രാർക്ക് സഹകരണ സംഘം ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന ഹൈകോടതിവിധി സഹകരണ മേഖലയിൽ നിർണാകയമാകും. സഹകരണ മേഖലയിൽ ക്രമക്കേടുകൾ വർധിക്കുന്ന സാഹചര്യത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ അധികാരം അഴിമതി തടയാൻ ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തൽ.
എന്നാൽ, സർക്കാറിന് താൽപര്യമില്ലാത്ത സഹകരണ ഭരണസമിതികൾക്കെതിരെ ആരോപണമുന്നയിച്ച് നടപടിയെടുക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തുറക്കപ്പെടുന്നതെന്ന ആശങ്കയും ഒരുവിഭാഗം സഹകാരികൾ ഉയർത്തുന്നു.
ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് സഹകരണ സംഘം ഭരണസമിതിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് സഹകരണ മേഖലയിൽ രാഷ്ട്രീയമായി പുതിയ പോർമുഖങ്ങൾ തുറക്കാനിടയാക്കുന്ന വിധിയുണ്ടായത്. നിലവിലെ സഹകരണ നിയമത്തിലും ചട്ടങ്ങളിലും ഇത്തരത്തിൽ സസ്പെഷന് വ്യവസ്ഥയില്ല.
ക്രമക്കേടുണ്ടെങ്കിൽ രജിസ്ട്രാർക്ക് നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യമാണ് കോടതി വിധിയിലൂടെ ലഭിക്കുന്നത്. സംഘങ്ങൾക്കെതിരായ അന്വേഷണം പൂർത്തിയായാൽ മാത്രമേ ഭരണസമിതി പിരിച്ചുവിടാവൂയെന്ന നിലവിലെ നിയമം സസ്പെൻഷൻ നടപടികൾക്ക് ബാധകമല്ലെന്ന ഉത്തരവിലെ പരാമർശവും സഹകരണ രംഗത്ത് രജിസ്ട്രാറുടെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.
രജിസ്ട്രാർക്ക് ഈ അധികാരം ലഭിക്കുന്നതിലൂടെ ദുരുപയോഗ സാധ്യത ഏറെയാണെന്ന് സഹകരണ സംരക്ഷണ സമിതി ചെയർമാൻ കരകുളം കൃഷ്ണപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതിയും സമാനമായ അധികാരം രജിസ്ട്രാർക്ക് നൽകുന്നതാണ്. രജിസ്ട്രാർ സർക്കാർ നയങ്ങൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാകും പലപ്പോഴും പ്രവർത്തിക്കുക.
ക്രമക്കേടുണ്ടെങ്കിൽ അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷമേ നടപടിയെടുക്കാവൂ. ഇഷ്ടമല്ലാത്ത സംഘങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് അനഭിലഷണീയ സാഹചര്യം സൃഷ്ടിക്കും. പിടിച്ചെടുക്കാൻ കഴിയാത്ത സംഘങ്ങളെ രജിസ്ട്രാറെ ഉപയോഗിച്ച് സസ്പെൻഡ് ചെയ്ത് പ്രതിന്ധിയിലാക്കുന്ന സ്ഥിതിയുണ്ടാകുന്നത് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.