പിടിയിലായ അനില ഗോപി, അബീഷ് പി.സാജൻ,മോനു അനിൽ
ചങ്ങനാശ്ശേരി: വയോധികയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാലയും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മരുമകൻ ഉൾപ്പെടെ മൂന്നുപേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം കോട്ടമുറി ചിറയിൽ മോനു അനിൽ, ഒറ്റക്കാട് പുതുപ്പറമ്പിൽ അബീഷ് പി.സാജൻ, കോട്ടമുറി അടവിച്ചിറ പുതുപ്പറമ്പിൽ അനില ഗോപി എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ചങ്ങനാശ്ശേരി കോട്ടമുറി ഒറ്റക്കാട് തെക്കേതിൽ കുഞ്ഞമ്മയുടെ(78) വീട്ടിലായിരുന്നു കവർച്ച.
ഒറ്റക്ക് താമസിക്കുന്ന കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാലയും വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണും പതിനായിരത്തോളം രൂപയും കവർച്ച ചെയ്യുകയായിരുന്നു. കുഞ്ഞമ്മയുടെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും കുഞ്ഞമ്മയുമായി അടുപ്പമുളള ആളുകളെയും പരിചയക്കാരെയും കണ്ടും നടത്തിയ വിവരശേഖരണത്തിനൊടുവിൽ പ്രതികളിലേക്ക് എത്തുകയായിരുന്നു.
മോനുവിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞമ്മയുടെ മകളുടെ ഭർത്താവായ അബീഷിന്‍റെ നിർദേശപ്രകാരമാണ് മോനു കുഞ്ഞമ്മയുടെ വീട്ടിൽ കയറി കവർച്ച നടത്തിയതെന്ന് കണ്ടെത്തി.
അബീഷിനോട് സാമ്പത്തിക സഹായം ചോദിച്ചുചെന്ന മോനുവിനോട് അച്ഛമ്മയുടെ വീട്ടിൽ ധാരാളം പണം ഉണ്ടെന്നും, അച്ഛമ്മയുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല ആരും അറിയാതെ പറിച്ചു കൊണ്ടുവന്നാൽ ധാരാളം പണം കിട്ടും എന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് മോനുവിനെക്കൊണ്ട് ഇത് ചെയ്യിച്ചത്.
ഞാനും കൂടി വന്നാൽ എന്നെ കണ്ട് തിരിച്ചറിഞ്ഞാൽ തള്ളയെ കൊന്നുകളയേണ്ടി വരുമെന്ന് പറഞ്ഞാണ് അബീഷ് ഈ ഉദ്യമത്തിൽ നിന്നും മാറി നിന്നത്.
ഇതനുസരിച്ച് മോനു ഇവരുടെ വീട്ടിലെത്തി കവർച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കവർന്ന മാല പിന്നീട് പെരുന്നയിലെത്തി ഒന്നര ലക്ഷത്തോളം രൂപക്ക് വിറ്റു. ഈ പൈസയിൽ 1,00000 രൂപ കാമുകിയായ അനില ഗോപിയുടെ കൈയ്യിൽ സൂക്ഷിക്കാനായി ഏൽപ്പിക്കുകയായിരുന്നു. പ്രതികളിൽനിന്ന് മാല വിറ്റ പണവും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.