പൊന്നാനി: രണ്ട് രാത്രിയും പകലും പുറംലോകബന്ധമില്ലാതെ ആഴത്തിരമാലകളുടെ ഓളങ്ങളിൽ ആടിയുലഞ്ഞ്, മരണത്തെ മുഖാമുഖം കണ്ട അനുഭവം ഞെട്ടലോടെയാണ് മൊയ്തീൻ ബാവയും ഫയസ് മുഹമ്മദും ഓർത്തെടുക്കുന്നത്. കുടുംബത്തിെൻറ വിശപ്പടക്കാൻ ചെറുവള്ളത്തിൽ കടലിലേക്കിറങ്ങുമ്പോൾ ഇരുവരുമറിഞ്ഞിരുന്നില്ല, തങ്ങൾ സഞ്ചരിക്കുന്ന കനൽപാതയുടെ ദൂരമത്രയും. വർഷങ്ങളായി മത്സ്യബന്ധനം നടത്തി ഉപജീവനം തേടുന്നയാളാണ് മൊയ്തീൻ ബാവ. സേലം സ്വദേശിയും പൊന്നാനിയിൽ താമസക്കാരനുമായ ഫയസ് മുഹമ്മദിന് കടലിലെ മത്സ്യബന്ധനരീതി അത്ര പരിചിതവുമായിരുന്നില്ല.
പുലർച്ച ചെറുവള്ളത്തിൽ കടലിലേക്കിറങ്ങിയാൽ രാത്രിതന്നെ മടങ്ങാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരുവരും. എന്നാൽ, ഇവർക്കുമുന്നിൽ കടലമ്മ കാത്തുവെച്ചത് ദുരന്തദിനങ്ങളായിരുന്നു. ശനിയാഴ്ച പുലർച്ചയാണ് കടലിലേക്കിറങ്ങിയത്. ഒരു ദിവസത്തിനാവശ്യമായ ഇന്ധനവും ഭക്ഷണവും കരുതിവെച്ചായിരുന്നു യാത്ര.സാധാരണ മത്സ്യബന്ധനം നടത്തുന്ന പരിധിയിലായിരുന്നു ശനിയാഴ്ചയും മീൻപിടിത്തം നടത്തിയിരുന്നതെന്ന് ഇവർ പറയുന്നു. വൈകുേന്നരമായതോടെ ശക്തമായ മഞ്ഞും കാറ്റും മൂലം കരയിലേക്ക് മടങ്ങിയെങ്കിലും ദിശതെറ്റി വള്ളം ആഴക്കടലിലേക്ക് പോകുന്നതറിഞ്ഞത് ഇന്ധനം തീർന്നതോടെയാണ്. അപ്പോഴുമാരെങ്കിലും രക്ഷക്കെത്തുമെന്നുതന്നെയായിരുന്നു പ്രതീക്ഷ. വള്ളം നങ്കൂരമിട്ട് നിർത്താൻ ശ്രമിച്ചെങ്കിലും കാറ്റിൽ നീങ്ങിക്കൊണ്ടേയിരുന്നു.
നേരമിരുട്ടിയതോടെ തണുപ്പിനൊപ്പം ഭയവും ഇരച്ചുകയറി. ഭക്ഷണവും വെള്ളവും തീർന്നതോടെ രക്ഷപ്പെടുമെന്ന പ്രതീക്ഷ ഓരോന്നായി അസ്തമിച്ചു. ഞായറാഴ്ച പകലും രാത്രിയും ഏതെങ്കിലും ബോട്ട് വരുമെന്ന പ്രതീക്ഷയിൽ ഇരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ക്രിസ്മസ്, പുതുവത്സര സമയമായതിനാൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരാരും കടലില്ലെന്ന തിരിച്ചറിവ് മരണഭയം വർധിപ്പിച്ചു. വിശപ്പ് കഠിനമായതോടെ കടൽവെള്ളം കുടിച്ച് ദാഹമകറ്റാൻ ശ്രമിച്ചെങ്കിലും ഛർദിച്ചവശനായി ഫയസ് മുഹമ്മദ് തളർന്നു. കരകാണാക്കടലിൽ ജീവിതം അവസാനിച്ചെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് കോഴിക്കോട് പയ്യോളി സ്വദേശികളുടെ ബോട്ട് ദൈവദൂതനെപ്പോലെ അരികിലെത്തിയത് -മൊയ്തീൻബാവ കണ്ഠമിടറിയാണ് കടന്നുപോയ നിമിഷങ്ങൾ വിവരിച്ചത്. അരികിലേക്ക് എത്തിയവരേയും പ്രാർഥനയുമായി കൂടെനിന്നവരേയും തിരച്ചിലിനിറങ്ങിയ സർക്കാർ സംവിധാനങ്ങളേയും നന്ദിയോടെ സ്മരിക്കുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.