കോഴിക്കോട്: കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലെ വ്യാപാര മേഖല പഴയപടിയാവുമെന്ന് ഭൂരിപക്ഷം വ്യാപാരികളും. സംരംഭകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് ഒന്നര കൊല്ലമായി പ്രവർത്തിക്കുന്ന വ്യാപാര സാമൂഹിക കൂട്ടായ്മയായ ബിസ്ബേ നടത്തിയ കോവിഡാനന്തര വ്യാപാര മേഖലയെപ്പറ്റിയുള്ള സർവേയിലാണ് ഈ അഭിപ്രായമുയർന്നത്.
വിവിധ ജില്ലകളിലുള്ള സംഘടനയുടെ ആയിരക്കണക്കിന് അംഗങ്ങൾക്കിടയിൽ വാട്സ്ആപ് വഴിയാണ് സർവേ നടത്തിയത്. കച്ചവടം, സേവനം എന്നീ രംഗത്ത് 22 മേഖലകളിൽപെട്ട ആളുകൾ സർവേയിൽ പങ്കാളികളായെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കോവിഡിനുശേഷം പഴയരീതിയിൽ വ്യാപാര മേഖല തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അതെ എന്ന് 42.2 ശതമാനം പേരും ഇല്ല എന്ന് 39.7 ശതമാനം പേരും പറയാൻ കഴിയില്ല എന്ന് 18.1 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.
തിരിച്ചുവരവിന് ചുരുങ്ങിയത് ആറുമാസം വേണ്ടിവരുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. മാർക്കറ്റുകളിൽ കിട്ടാനുള്ള പണത്തിെൻറ തിരിച്ചുവരവിന് കാലതാമസം നേരിടുമെന്ന് 86.8 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ മൊറട്ടോറിയം ആറു മാസമായി ഉയർത്തണമെന്നാണ് ഭൂരിപക്ഷത്തിേൻറയും ആവശ്യം. ധനകാര്യ സ്ഥാപനങ്ങളുടെ അധിക സാമ്പത്തിക സഹായമില്ലാതെ ഇനി മുന്നോട്ടുപോകുന്നത് പ്രയാസകരമാണെന്നു മിക്കയാളുകളും അഭിപ്രായപ്പെട്ടു. കോവിഡിനുശേഷം തൊഴിലാളികളുടെ വേതനവ്യവസ്ഥയിൽ മാറ്റംവരുമെന്ന് 50.4 ശതമാനമാളുകളും ഇല്ലെന്ന് 24 ശതമാനം പേരും ഇപ്പോൾ പറയാനാവില്ലെന്ന് 25.6 ശതമാനം പേരും അഭിപ്രായപ്പെട്ടു.
പ്രവാസികൾക്ക് വ്യാപക തൊഴിൽനഷ്ടം ഉണ്ടാകുമെന്നും കേരളത്തിൽ തിരിച്ചെത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ തുടർജീവിതത്തിൽ കടുത്ത ആശങ്ക നിലനിൽക്കുന്നതായുമാണ് ഭൂരിപക്ഷ അഭിപ്രായം. വാടക ഉൾപ്പെടെ ബാധ്യതകൾക്ക് ഫണ്ട് കണ്ടെത്താൻ ഏറെ പ്രയാസപ്പെടും. അതിനാൽ കൂടുതൽ സാവകാശം വേണ്ടിവരുമെന്നും അഭിപ്രായ സർവേയിൽ പങ്കെടുത്ത കൂടുതൽ പേർ ആവശ്യപ്പെട്ടു.
കോവിഡിനുശേഷം മന്ദഗതിയിലാവുന്ന കച്ചവടരംഗത്തുനിന്ന് കരകയറാൻ തൊഴിലാളികളെ കുറക്കുക, ശമ്പളം കുറക്കുക, സ്റ്റോക്ക് വേഗത്തിൽ വിറ്റഴിക്കുക, ഉൽപാദനം കുറക്കുക, ജി.എസ്.ടി കുറവ് വരുത്തുക, ബാങ്ക് പലിശ നല്ലവണ്ണം കുറക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ സർവേയിൽ പങ്കെടുത്തവർ മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.