ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ഫലസ്തീനിലെ അവസ്ഥ കണ്ടാല്‍ കരളലിയുകയല്ല, കരള്‍ മുറിയും -സുരേഷ് ഗോപി

കോഴിക്കോട്: മുസ്‍ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കിടെ ശശി തരൂർ എം.പി നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തി എന്ന് പറയുന്നതില്‍ തെറ്റില്ലെന്നും ഹമാസ് മുസ്‍ലിം വംശത്തിന്റെ ശത്രുവാണെന്നും മുസ്‍ലിംകളാണ് അവരെ തീര്‍ക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫലസ്തീനിലുള്ളതും മനുഷ്യര്‍ തന്നെയാണ്. അവിടെയുള്ള സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ കണ്ടാല്‍ കരളലിയുകയല്ല, കരള്‍ മുറിയും. യുദ്ധവും ഹത്യയുമെല്ലാം അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?. കോണ്‍ഗ്രസായാലും ബി.ജെ.പിയായാലും മുസ്‍ലിംലീഗായാലും അതിനകത്ത് മനുഷ്യരല്ലേ. അവര്‍ക്ക് അവരുടെ അഭിപ്രായം പറഞ്ഞൂടേ?. അവര്‍ കണ്ടതും മനസ്സിലാക്കിയതും അവര്‍ക്ക് പറയാം. ശശി തരൂരിനെ പോലൊരാള്‍ പഠിക്കാതെ പറയില്ല. ഞാന്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്. മുസ്‍ലിംകളുടെ ശത്രുവാണ് ഹമാസ്, ഇസ്രയേലിന്റെ അല്ല. അവിടുന്ന് വിളിച്ച ഇസ്രയേലി മലയാളികളോടും ഞാന്‍ ഇത് പറഞ്ഞതാണ്. മുസ്‍ലിം വംശത്തിന്റെ ശത്രുവാണ് ഹമാസ്. മുസ്‍ലിംകളാണ് അവരെ തീര്‍ക്കേണ്ടത്. അതു തന്നെയേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഒരു തെറ്റുമില്ല'.

'അദ്ദേഹം അടിയുറച്ച കോണ്‍ഗ്രസ് അനുഭാവിയാണ്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു തുടങ്ങിയ നേതാക്കന്മാരുടെ ഒരു അനുചരന്‍ തന്നെയാണ്. അതിലൊന്നും വ്യത്യാസമൊന്നുമില്ല. പക്ഷെ അതുകൊണ്ട് ചില സത്യങ്ങള്‍ പറയാന്‍ പാടില്ല എന്ന് നിര്‍ബന്ധിക്കരുത്. ഫലസ്തീനിലുള്ളതും മനുഷ്യര്‍ തന്നെയല്ലേ. അവിടെയുള്ള സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും അവസ്ഥ കണ്ടാല്‍ കരളലിയുകയല്ല, കരള്‍ മുറിയും. യുദ്ധവും അക്രമങ്ങളും ഹത്യയുമെല്ലാം അവസാനിക്കണം. ഒരു തീവ്രവാദിയും ഇവിടെ വാഴണ്ട, അവശേഷിക്കണ്ട. ഞാന്‍ മനുഷ്യനെന്ന നിലക്കാണ് പറഞ്ഞിട്ടുള്ളത്. ബി.ജെ.പിക്കാരനായല്ല. ബി.ജെ.പിയുടെയും മുസ്‍ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും തലയില്‍ കെട്ടിവെക്കണ്ട, മനുഷ്യരുടെ അഭിപ്രായമാണത്. മനുഷ്യന്‍ അവരുടെ ഹൃദയം കൊണ്ട് കാണുന്നതും മനസ്സിലാക്കുന്നതുമായ സത്യം പ്രചരിപ്പിക്കുന്നതാണെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.' സുരഷ് ഗോപി വ്യക്തമാക്കി.

ഞാൻ തൃശൂരില്‍ മത്സരിക്കണോ കണ്ണൂരില്‍ മത്സരിക്കണോ തിരുവനന്തപുരത്ത് മത്സരിക്കണോ അതോ മത്സരിക്കണ്ടയോ എന്ന് നേതാക്കള്‍ തീരുമാനിക്കും. ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെയും അതിന് മുമ്പ് പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിലൂടെയും ആർജിച്ചെടുത്ത ഊര്‍ജം ഉണ്ട്. അത് ജനങ്ങളുടെ നന്മയിലേക്ക് എത്തണം.

സ്ഥാനാർഥി പട്ടിക വന്നിട്ടില്ല. ഓട്ടോറിക്ഷയുടെയും മറ്റും പിറകിൽ പോസ്റ്റർ കണ്ടത് പബ്ലിക് പൾസാണ്. അതിൽ എനിക്ക് സന്തോഷമോ ദുഃഖമോ ഇല്ല. അച്ചടക്കം ലംഘിച്ചുവെന്നും പക്ഷമില്ല. അത് അവരുടെ അവകാശമാണ്, അവരത് ചെയ്യുന്നു. അത് ആരെങ്കിലും തടയാൻ ശ്രമിച്ചാൽ കൂടുതൽ ആളുകൾ അത് ചെയ്യും -സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Tags:    
News Summary - Suresh Gopi's reaction on Shashi Tharoor's remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.