'ഏട്ടനെ കാണാഞ്ഞിട്ട് വന്നതാ, വെട്ടിയശേഷം നമ്മളെ വാള് വീശി ഓടിച്ചു'; ഹരിദാസ് വധത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹോദരൻ

തലശ്ശേരി: പുന്നോലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന​ സംഘത്തിൽ അഞ്ചുപേരാണുണ്ടായിരുന്നതെന്ന നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ സഹോദരൻ സുരേന്ദ്രൻ. കൊലപാതകി സംഘത്തിലുള്ള പരിസരവാസികളായ രണ്ടുപേരെ തിരിച്ചറിഞ്ഞതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'കടലിൽ പോയ ഏട്ടൻ വരുന്നത് കാണാഞ്ഞിട്ട് ഏട്ടന്റെ ഭാര്യയാണ് വിളിച്ചത്. ഞാൻ വീട്ടിലുണ്ടായിരുന്നു. ഒന്നേകാലോടെയാണ് സംഭവം നടക്കുന്നത്. പിടിയുംവലിയും കേട്ട് നമ്മൾ ഓടിത്തെയപ്പോ ഏട്ടനെ വെട്ടിയ അവര് വാള് വീശി നമ്മളെ ഓടിച്ചു. അഞ്ചാളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടാള് ഈ പരിസരത്തുള്ളവരാണ്. വെട്ടേറ്റ് നിലത്തുകിടന്ന ഹരിദാസനെ സുഹൃത്തിന്റെ വിളിച്ച് വണ്ടിയിൽ ആശുപത്രിയില്‍ കൊണ്ടുപോയി...' -സുരേന്ദ്രൻ പറഞ്ഞു.

കൊലപാതകത്തിലേക്ക് നയിച്ച ക്ഷേത്രോത്സവത്തിലെ തർക്കം നിസ്സാരപ്രശ്നമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു പെൺകുട്ടിയെ കളിയാക്കിയതുമായി ബന്ധ​പ്പെട്ടതായിരുന്നു വിഷയം. ആ തർക്കം പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് വരുന്നതിനിടെ ഹരിദാസനെ അവർ തടഞ്ഞു നിർത്തി അടിച്ചതായും അതിൽ ഇരുവിഭാഗത്തിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തിരുന്നതായും സുരേന്ദ്രൻ പറഞ്ഞു. 'സംഭവത്തിന് ശേഷം ഭീഷണിയുള്ളതിനാൽ പണിക്ക് പോകാൻ പേടിയായിരുന്നു. പൊലീസിനോട് പറഞ്ഞപ്പോ സൂക്ഷിച്ചും ശ്രദ്ധിച്ചും നിൽക്കാൻ പറഞ്ഞു. കുറേ ദിവസായി പണിക്ക് പോയിട്ട്. ഇന്നലെ ഏഴുമണിക്കാണ് ഏട്ടൻ കടലിൽ പോയത്' -സുരേന്ദ്രൻ പറഞ്ഞു.

ഹരിദാസായിരുന്നു കുടുംബത്തിന്റെ അത്താണിയെന്നും കുടുംബം കടക്കെണിയിലാണെന്നും ഇദ്ദേഹത്തിന്റെ ജേഷ്ട സഹോദരൻ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സി.പി.എം പ്രവര്‍ത്തകനായ കൊരമ്പയില്‍ താഴെകുനിയില്‍ ഹരിദാസനെ ബി.ജെ.പി, ആർ.എസ്.എസ് സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ കടലിൽ പോയി വരുമ്പോള്‍ വീടിന് സമീപം പതിയിരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. അക്രമികൾ ഒരുകാൽ വെട്ടിമാറ്റിയിരുന്നു.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്​മോർട്ടം നടത്തി. ഇവിടെ നിന്ന് വിലാപയാത്രയായി സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. പുന്നോലിലെ വീട്ടുവളപ്പിൽ വൈകീട്ട് അഞ്ചുമണിയോടെ സംസ്കരികും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയിലും ന്യൂമാഹിയിലും സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Surendran, brother of Haridas, says about kannur cpm activist haridas murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.