ന്യൂഡൽഹി: യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ത്യാ സർക്കാരിന് മുന്നോട്ട് പോകാവുന്ന ഒരു ഘട്ടമുണ്ട്. നമ്മൾ അവിടെ എത്തിയിരിക്കുന്നു എന്നാണ് സുപ്രീംകോടതിയെ കേന്ദ്രസർക്കാർ അറിയിച്ചത്.
വധശിക്ഷയിൽ ഇളവ് തേടാൻ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ലെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോൾ സ്ഥിതി ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
യമനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ സ്ഥാനപതികാര്യാലയമോ ഇല്ല. അതിനാൽ നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് സർക്കാർ മുൻപ് ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു.
അതേസമയം, നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ച ചെയ്യാൻ യമനിൽ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ശൈഖ് ഹബീബ് ഉമർ വിഷയത്തിൽ ഇടപെട്ടത്.
നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം നൽകാൻ തയാറാണെന്ന് സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയിൽ ബാക്കി വന്നത് നിമിഷ പ്രിയക്ക് വേണ്ടി കൈമാറും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകിയാൽ ഏതു നിമിഷവും പണം നൽകുമെന്നും ട്രസ്റ്റ് കൺവീനർ കെ.കെ ആലിക്കുട്ടി പറഞ്ഞു.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.
യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.