കൊച്ചി: സിവിൽ സപ്ലൈസ് കോർപറേഷന്റെ പേരിൽ വ്യാജ കമ്പനിയുണ്ടാക്കി എട്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിന് ഉന്നതതല രാഷ്ട്രീയ പിന്തുണ ലഭിച്ചതായി സൂചന. ആദ്യ പിണറായി സർക്കാറിൽ ഭക്ഷ്യമന്ത്രിയായിരുന്ന പി. തിലോത്തമന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സതീഷ് ചന്ദ്രനാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇയാൾ എറണാകുളം കടവന്ത്രയിലെ സപ്ലൈകോ ആസ്ഥാനത്ത് അസി. മാനേജരായിരിക്കെയാണ് തട്ടിപ്പ് നടന്നത്. വ്യാജ ലെറ്റർപാഡ് ഉപയോഗിച്ചതിന് പുറമെ കോർപറേഷന്റെ ജി.എസ്.ടി നമ്പറും ഇ-മെയിൽ വിലാസവും തട്ടിപ്പിന് ഉപയോഗിച്ചതായി സപ്ലൈകോ വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
7.79 കോടിയുടെ മഞ്ഞ ചോളം വാങ്ങിയതിന്റെ പണം മുഴുവനായി കിട്ടിയിട്ടില്ലെന്ന് പരാതിപ്പെട്ട് ഈ മാസം 17ന് മുംബൈയിലെ ജീവ് ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സപ്ലൈകോയെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ആദ്യസൂചന ലഭിച്ചത്. ചോളം ഇന്നുവരെ സപ്ലൈകോ വാങ്ങിയിട്ടില്ല എന്നതിനാൽ തട്ടിപ്പാണെന്ന് ഉറപ്പിച്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ആദ്യഗഡു എന്നുപറഞ്ഞ് 3.61 കോടി മാത്രമാണ് ജീവ് ലൈഫിന് കിട്ടിയത്. ഇത് അയച്ചത് കടവന്ത്രയിലെ ഗ്രാമീൺ ബാങ്കിന്റെ അക്കൗണ്ടിൽനിന്നാണെന്ന് കണ്ടെത്തിയശേഷം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് സതീഷ് ചന്ദ്രന്റെ പങ്ക് വ്യക്തമായത്.
സപ്ലൈകോ അഗ്രി കമ്മോഡിറ്റീസ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയുടെ കറന്റ് അക്കൗണ്ടിൽനിന്നാണ് തുക പോയത്. ഇതിന്റെ നടത്തിപ്പുകാരനാണ് സതീഷ് ചന്ദ്രൻ. സപ്ലൈകോയുടെ പേര് ഉപയോഗിച്ച് മറ്റൊരു കമ്പനി ഉണ്ടാക്കിയും ഇതിന്റെ പേരിൽ ലെറ്റർ പാഡ് ചമച്ചുമാണ് മുംബൈ കമ്പനിക്ക് പർച്ചേസ് ഓർഡർ നൽകിയത്. mtbp@supplycomail.com എന്ന സപ്ലൈകോയുടെതന്നെ പഴയ ഇ-മെയിൽ വിലാസമാണ് തട്ടിപ്പിന് ഉപയോഗിച്ചത്. രണ്ടുവർഷമായി സപ്ലൈകോയിൽ ആരും ഈ വിലാസം ഉപയോഗിച്ചിട്ടില്ല.
എന്നാൽ, ഇ-മെയിലിന്റെ ഐ.പി അഡ്രസ് കേരളത്തിന് പുറത്തുനിന്നുള്ളതാണ്. സപ്ലൈകോയുടെ ജി.എസ്.ടി നമ്പരാണ് തട്ടിപ്പിന് സതീഷ് ചന്ദ്രൻ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
േഡറ്റാ എൻട്രി ഓപറേറ്ററായാണ് ഇയാൾ സപ്ലൈകോയിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഇന്ദിരാഗാന്ധി ഓപൺ സർവകലാശാലയിൽനിന്ന് എം.ബി.എ നേടിയെന്ന് കാണിച്ച് പേഴ്സനൽ ഓഫിസർ തസ്തികയിൽ നിയമനം നേടി. ഇത് പിന്നീട് എച്ച്.ആർ അസി. മാനേജർ എന്ന തസ്തികയാക്കി. ഇയാൾക്ക് എം.ബി.എ ഇല്ലെന്ന് ആക്ഷേപം ഉയർന്നതിനെത്തുടർന്ന് അന്വേഷിച്ച് നടപടിയെടുക്കാൻ അന്നത്തെ സപ്ലൈകോ എം.ഡി ആശാ തോമസ് നീങ്ങിയപ്പോഴേക്ക് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയുടെ സ്റ്റാഫിലേക്ക് സതീഷ് ചന്ദ്രൻ രാഷ്ട്രീയ നിയമനം നേടി ഇതിന് തടയിട്ടു. കഴിഞ്ഞവർഷം എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത തൊഴിൽ തട്ടിപ്പ് കേസിലും സതീഷ് ചന്ദ്രൻ അറസ്റ്റിലായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി പണം കൈപ്പറ്റി എന്നതായിരുന്നു കുറ്റം.
ഇയാളെക്കൂടാതെ മറ്റ് മൂന്നുപേരും ഈ കേസിൽ പ്രതികളായിരുന്നു. മാന്നാർ, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലും ഈ സംഘത്തിനെതിരെ സമാന കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.