തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പി.എസ്.സി വഴി നിയമനം നേടിയ 110 ഇംഗ്ലീഷ് അധ്യാപകർ മാർച്ച് 31 മുതൽ സർവിസിൽനിന്ന് പുറത്താകുന്നു. അധ്യാപകരെ നിലനിർത്താനായി അനുവദിച്ച 110 സൂപ്പർ ന്യൂമററി എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ് തസ്തികകൾ മാർച്ച് 31ന് ഉച്ചക്കുശേഷം മുതൽ ഇല്ലാതാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയതാണ് തിരിച്ചടിയായത്. ഇവർക്ക് ഭാവിയിൽ റെഗുലർ തസ്തികകൾ ഉണ്ടാകുന്ന മുറക്ക് സീനിയോറിറ്റി പ്രകാരം പുനർനിയമനം നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഇവർ പുറത്തുപോകുന്നതുവഴിയുണ്ടാകുന്ന ഏഴ് പീരിഡിന് താഴെ ജോലിഭാരമുള്ള എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികയിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് നിർദേശം. ജൂനിയർ ഹയർ സെക്കൻഡറി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡം മൂന്ന് മുതൽ 14 വരെ പീരിയഡുകൾ ഉണ്ടായിരിക്കണമെന്നത് ഏഴ് മുതൽ 14 വരെ പീരിയഡുകൾ ആക്കി സർക്കാർ മാറ്റം വരുത്തിയതോടെയാണ് അധ്യാപകർ പ്രതിസന്ധിയിലായത്.
ഏഴ് പീരിയിഡിൽ താഴെയുള്ളതിൽ ഗെസ്റ്റ് അധ്യാപകരെ നിയമിച്ചാൽ മതിയെന്നും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം തസ്തിക നിർണയം നടത്തിയപ്പോൾ സർക്കാർ സ്കൂളുകളിലെ 337 തസ്തികകളിൽ 87 സ്കൂളുകളിൽ മാത്രമാണ് ജൂനിയർ അധ്യാപകർക്കവവശ്യമായ ജോലിഭാരമുള്ളതെന്ന് കണ്ടെത്തിയിരുന്നു.
ഇതെത്തുടർന്നാണ് ജൂനിയർ തസ്തികയിൽ ജോലി ചെയ്തിരുന്ന 146 പേരിൽ അധികമായുള്ള 59 പേരെയും പി.എസ്.സി അഡ്വൈസ് പ്രകാരം നിയമനം നൽകാനുണ്ടായിരുന്ന 47 പേരെയും പി.എസ്.സിയിൽനിന്ന് ശിപാർശ ലഭിക്കാനുണ്ടായിരുന്ന രണ്ട്പേരെയും ഉൾക്കൊള്ളിക്കാൻ 110 സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഈ സൂപ്പർ ന്യൂമററി തസ്തികകൾ മാർച്ച് 31 മുതൽ ഇല്ലാതാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞദിവസം ഉത്തരവിറക്കിയതോടെയാണ് 110 പേരും പുറത്തുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.