സൂപ്രണ്ടുമാർക്ക് നിർദേശം: ജയിലുകളിൽ സുരക്ഷ കൂട്ടണം

കോഴിക്കോട്: സി.സി.ടി.വി കാമറകളുടെ പ്രവർത്തനവും രജിസ്റ്ററുകളുടെ പരിപാലനവും കുറ്റമറ്റതാക്കി സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ വർധിപ്പിക്കാൻ സൂപ്രണ്ടുമാർക്ക് നിർദേശം. ജയിലുകളിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് തടവുകാർ നൽകുന്ന പരാതികൾ പലതും വകുപ്പിന് തലവേദനയായതോടെ ഇവയെ പ്രതിരോധിക്കുകകൂടി ലക്ഷ്യമിട്ടാണ് മതിയായ സംവിധാനങ്ങളൊരുക്കാനാവശ്യപ്പെട്ടത്.

സി.സി.ടി.വി കാമറകൾ പലതും പ്രവർത്തിക്കാത്തതും രജിസ്റ്ററുകൾ പരിപാലിക്കാത്തതുമാണ് ജയിലുകളിലെ പാളിച്ച. ഇതോടെ പരാതികളിൽ കോടതികൾക്കും മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെ ഏജൻസികൾക്കും തെളിവുകൾ സഹിതം ല്ല. ചുരുകുറ്റമറ്റ റിപ്പോർട്ട് നൽകാൻപോലും കഴിയുന്നിക്കത്തിൽ തടവുകാരുടെ പരാതികളിൽ ജയിലുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഇത് മുൻ നിർത്തിയാണ് റിമാൻഡ് പ്രതികളെ പ്രവേശിപ്പിക്കുമ്പോഴടക്കം മതിയായ മുൻകരുതലുകൾ സ്വീകരിക്കാനും വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാനും ക്രൈംബ്രാഞ്ച് മേധാവിയായി പോകുന്ന ജയിൽ ഡി.ജി.പി ഡോ. ഷേക് ദർവേഷ് സാഹിബ് നിർദേശം നൽകിയത്.

എല്ലാ ജയിലുകളിലും അഡ്മിഷൻ സ്ഥലത്ത് 'എ' ഗേറ്റിനും 'ബി' ഗേറ്റിനും മധ്യേ എല്ലാഭാഗവും ഉൾപ്പെടുത്തി റെക്കോഡ് ചെയ്യാനാവുന്ന തരത്തിൽ കുറഞ്ഞത് രണ്ട് സി.സി.ടി.വി കാമറകളെങ്കിലും സ്ഥാപിക്കണം. ജയിലിലേക്കയക്കുന്ന പ്രതികളെ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ സേനകളിലെ ഉദ്യോഗസ്ഥരുടെ മുന്നിൽ നിന്നുതന്നെ ദേഹപരിശോധന നടത്തി പരിക്കുകളില്ലെന്നും ജയിലിൽ നിരോധിക്കപ്പെട്ട വസ്തുക്കളില്ലെന്നും ഉറപ്പാക്കണം. പരിക്കുകളോ നിരോധിത വസ്തുക്കളോ കണ്ടെത്തിയാൽ അവ ബന്ധപ്പെട്ട രജിസ്റ്ററിൽ ആദ്യമേ രേഖപ്പെടുത്തി തുടർനടപടി സ്വീകരിക്കണം.

ജയിലിലെ സി.സി.ടി.വി കാമറകൾ തകരാറിലായാൽ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുകയും റെക്കോഡിങ് കപ്പാസിറ്റി സൂപ്രണ്ടുമാർ പരിശോധിച്ച് ഉറപ്പാക്കുകയും വേണം. പരാതിക്കിടയാക്കിയേക്കാവുന്ന സംഭവങ്ങളുടെയെല്ലാം സി.സി.ടി.വി ദൃശ്യങ്ങൾ പ്രത്യേകം സേവ് ചെയ്ത് സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആദ്യമായി ജയിലിലെത്തുന്ന പ്രതികൾക്ക് പ്രവേശന സമയത്തുതന്നെ ജയിലിനെ സംബന്ധിച്ചും തടവുകാരുടെ അവകാശങ്ങളെക്കുറിച്ചും നിയമവിധേയമല്ലാത്ത പ്രവൃത്തിയെക്കുറിച്ചും വിവരണവും കൗൺസലിങ്ങും നൽകണം. തടവുകാരുടെ ഭാഗത്തുനിന്നുള്ള അച്ചടക്കരാഹിത്യങ്ങൾ, ജയിൽവിരുദ്ധ പ്രവൃത്തികൾ എന്നിവ പണിഷ്മെന്‍റ് രജിസ്റ്റർ, ഹിസ്റ്ററി രജിസ്റ്റർ എന്നിവയിൽ കൃത്യമായി രേഖപ്പെടുത്തണം. ജയിലിന്‍റെ ഭക്ഷണ വിൽപന കൗണ്ടറുകൾ, മൊബൈൽ വാഹനങ്ങൾ എന്നിവയിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് ഉടൻ തയാറാക്കി അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Superintendents advised: Security should be increased in prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.