തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഉയർന്ന ചൂട് അനുഭവപ്പെടുമ്പോഴും മുൻ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം കുറഞ്ഞ നിലയിൽ തുടരുന്നതിന്റെ ആശ്വാസത്തിൽ കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗത്തിൽ സർവകാല റെക്കോഡാണ് കഴിഞ്ഞവർഷം വേനൽക്കാലത്തുണ്ടായത്.
ഇക്കുറി ചൂട് കൂടിയതോടെ, പ്രതിദിന ഉപയോഗത്തിലും പീക്ക് സമയ ആവശ്യകതയിലും വർധനയുണ്ടായെങ്കിലും പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യം ഇതുവരെ നേരിടേണ്ടിവന്നില്ല. കഴിഞ്ഞവർഷം പീക്ക് സമയത്തെ അമിത വൈദ്യുതി ഉപയോഗം വിതരണശൃംഖലയെയടക്കം ബാധിക്കുകയും പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയിലെ പ്രതിദിന ഉപയോഗം 99.1582 ദശലക്ഷം യൂനിറ്റും പീക്ക് സമയ ഉപയോഗം 4900 മെഗാവാട്ടുമാണ്. 2024 മേയിൽ ഇതേ ദിവസത്തെ ആകെ ഉപയോഗം 109 ദശലക്ഷം യൂനിറ്റും പീക്ക് സമയത്തേത് 5167 മെഗാവാട്ടുമായിരുന്നു. കഴിഞ്ഞ വർഷം മേയ് മൂന്നിനാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതി ഉപയോഗമായ 115.94 ദശലക്ഷം യൂനിറ്റ് രേഖപ്പെടുത്തിയത്.
പീക്ക് സമയത്തെ റെക്കോഡ് ആവശ്യകത (5797 മെഗാവാട്ട്) യുണ്ടായത് കഴിഞ്ഞ വർഷം മേയ് മൂന്നിനായിരുന്നു. ഇക്കൊല്ലം ഏപ്രിൽ-മേയ് മാസങ്ങളിൽ കഴിഞ്ഞവർഷത്തേതിനെക്കാൾ വലിയ തോതിൽ വൈദ്യുതി വേണ്ടിവരുമെന്ന കണക്കുകൂട്ടലിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ കെ.എസ്.ഇ.ബി നടത്തിയിരുന്നു. ദീർഘകാല, ഹ്രസ്വകാല കരാറുകൾക്ക് പുറമെ, കൈമാറ്റ കരാറുകളിലും ഏർപ്പെട്ടു.
ഏപ്രിലിലും മേയ് മാസം ഇതുവരെയും പല ദിവസങ്ങളിലും പ്രതിദിനം 100 ദശലക്ഷം യൂനിറ്റിന് മുകളിലേക്ക് പ്രതിദിന ഉപയോഗം കടന്നെങ്കിലും ഇടക്കിടെ എത്തിയ മഴ വൈദ്യുതി ആവശ്യത്തിൽ കാര്യമായ കുറവുവരുത്തി. പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമ്പോഴും രാത്രിയിലെ ചൂട് കുറഞ്ഞുനിന്നത് എ.സി ഉൾപ്പെടെ ഉപയോഗിക്കുന്നതിലെ കുറവിന് കാരണമായതായാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.