തൃശൂർ: ഉദയകുമാറിെൻറ ഉരുട്ടിക്കൊലക്കേസിൽ സർവിസിലിരിക്കുന്ന പൊലീസുകാർ ശിക്ഷിക്കപ്പെടുന്നത് അപൂർവം ആകുേമ്പാഴും, കസ്റ്റഡി മരണങ്ങൾക്കെതിരായ ശിപാർശകൾ സംസ്ഥാനം കാറ്റിൽപറത്തി. കസ്റ്റഡി പീഡനം തടയാനുള്ള നിർദേശങ്ങൾ 2006ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. അതേവർഷംതന്നെ കസ്റ്റഡി മരണങ്ങൾ അന്വേഷിക്കാൻ റിട്ട. ഹൈകോടതി ജഡ്ജി ആർ. രാജേന്ദ്രബാബുവിനെ സംസ്ഥാനം നിയോഗിച്ചു. 2006 ഫെബ്രുവരിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ.കെ. അഗർവാൾ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് കസ്റ്റഡി മരണങ്ങൾക്കെതിരെ നിർദേശം പുറപ്പെടുവിച്ചത്.
പൊലീസ് മാന്വൽ പരിഷ്കരിക്കണമെന്നും പൊലീസുകാർക്കെതിരായ പരാതികൾ സ്വതന്ത്ര ഏജൻസികളെ ഏൽപിക്കണമെന്നുമായിരുന്നു പ്രധാന നിർദേശം. കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ചാൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി, മനുഷ്യാവകാശ കമീഷൻ-സി.ബി.ഐ എന്നിവയെ അന്വേഷണത്തിന് നിയോഗിക്കൽ, പൊലീസ് മാന്വൽ പരിഷ്കരണം, കേസന്വേഷണത്തിനും മൊഴി രേഖപ്പെടുത്താനും സാങ്കേതികവിദ്യ ഉപയോഗിക്കൽ, മഹസർ, പ്രഥമ വിവര റിപ്പോർട്ട്, സാക്ഷിമൊഴി എന്നിവ രേഖപ്പെടുത്തുമ്പോൾ സുതാര്യത ഉറപ്പാക്കൽ തുടങ്ങിയവയും നിർദേശങ്ങളിലുണ്ട്. ഉയർന്ന പൊലീസുദ്യോഗസ്ഥർ അന്വേഷണവും അറസ്റ്റും ചോദ്യം ചെയ്യലും വിലയിരുത്തണം. പ്രഥമ വിവര റിപ്പോർട്ട് തയാറാക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാകണം. കസ്റ്റഡി പീഡനങ്ങൾ തടയാനുള്ള ഈ നിർദേശങ്ങളും, അറസ്റ്റിൽ പാലിക്കേണ്ട 11 നിബന്ധനകളും പാലിക്കുന്നില്ലെന്ന് വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണം വ്യക്തമാക്കുന്നു.
2006ൽ പൊലീസ് വീഴ്ചയെത്തുടർന്ന് 10 അസ്വാഭാവിക മരണങ്ങൾ നടന്നത് സംബന്ധിച്ച് ആറ്റിങ്ങലിലെ എ.ആർ. സാബിർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഡിവിഷൻ ബെഞ്ച് ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ റിട്ട. ഹൈകോടതി ജസ്റ്റിസ് ആർ. രാജേന്ദ്രബാബുവിനെ അന്വേഷണ കമീഷനായി നിയമിച്ചത്. 2007 ജൂലൈയിൽ കമീഷൻ റിപ്പോർട്ട് നൽകി. ആ കാലയളവിൽ സംസ്ഥാനത്ത് 15 കസ്റ്റഡി മരണം നടന്നു. നാലെണ്ണത്തിൽ തുടരന്വേഷണം വേണമെന്ന് കമീഷൻ ശിപാർശ ചെയ്തു. കസ്റ്റഡിയിൽ മരിച്ച എട്ടുപേരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായം നൽകിയെങ്കിലും കുറ്റക്കാരിൽനിന്ന് തുക ഇൗടാക്കലോ തുടരന്വേഷണമോ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.