കൊച്ചി: പൊതുവിതരണത്തിനുള്ള 120 ക്വിന്റൽ പഞ്ചസാര തിരിമറി ചെയ്തുവെന്ന കേസിൽ സിവിൽ സപ്ലൈസ് കോർപറേഷൻ മുൻ ഉദ്യോഗസ്ഥന്‍റെ കുറ്റം ഹൈകോടതി ശരിവെച്ചു. അതേസമയം, കോട്ടയം വിജിലൻസ് കോടതി വിധിച്ച മൂന്നുവർഷത്തെ കഠിനതടവ് രണ്ടു വർഷമായി കുറക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ പിഴശിക്ഷ ശരിവെച്ചിട്ടുണ്ട്.
കേസിലെ പ്രതി ചേർത്തല സപ്ലൈകൊ ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റായിരുന്ന ചേർത്തല പുള്ളിച്ചിറ എൻ. പൊന്നൻ സമർപ്പിച്ച അപ്പീൽ ഭാഗികമായി അനുവദിച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. 1991 മാർച്ചിലാണ് സംഭവം. കൊല്ലം റെയിൽവേ ഗുഡ് ഷെഡിൽ നിന്ന് ചേർത്തല ഡിപ്പോയിലേക്ക് എത്തിയ ഏതാനും പഞ്ചസാരച്ചാക്കുകൾ രേഖകളിൽ ചേർക്കാതെ ഉദ്യോഗസ്ഥൻ തിരിമറി ചെയ്തതായാണ് വിജിലൻസ് കണ്ടെത്തിയത്.
അന്ന് 1,02,000 രൂപ വിലമതിക്കുന്ന പഞ്ചസാരയാണ് മാറ്റിയത്. പഞ്ചസാര താനല്ല ഏറ്റുവാങ്ങിയതെന്നും ഇതിന് മതിയായ തെളിവില്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. വിജിലൻസിന് വേണ്ടി സ്‌പെഷൽ ഗവ.പ്ലീഡർ എ.രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ്.രേഖ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.