തൃശൂർ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇത്തവണ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കുള്ള ഒഴുക്ക് ഗണ്യമായി കുറഞ്ഞു. അവിടെനിന്ന് പൊതു വിദ്യാലയങ്ങളിൽ ചേരുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. അഞ്ച്, എട്ട് ക്ലാസുകളിലാണ് കൂടുതൽ കുട്ടികൾ എത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ വിജയമായാണ് വിദ്യാഭ്യാസ പ്രവർത്തകർ ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള പ്രവേശന കണക്കുകളാണ് വർധന വ്യക്തമാക്കുന്നത്. ആറാം പ്രവൃത്തി ദിവസമേ പൂർണ വിവരം വ്യക്തമാകൂ. വർധന കൂടുമെന്നാണ് സൂചന.
കഴിഞ്ഞ വർഷെത്ത അപേക്ഷിച്ച് തിരുവനന്തപുരത്ത് ഇതുവരെ പൊതു വിദ്യാലയങ്ങളിൽ 16,000 കുട്ടികളുടെ വർധനയുണ്ടായിയെന്ന് എസ്.എസ്.എ വൃത്തങ്ങൾ വെളിപ്പെടുത്തി. തൃശൂർ ജില്ലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 3,500 കുട്ടികളുടെ വർധനയാണ് മേയ് 28 വരെ രേഖപ്പെടുത്തിയത്. ഇടുക്കിയിലിത് ഇതുവരെ 1,516 ആണ്. മൂന്നാർ തമിഴ് മേഖലയിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് വെള്ളിയാഴ്ചയേ പുതിയ കുട്ടികൾ എത്തൂ. കണ്ണൂരിൽ കഴിഞ്ഞ വർഷത്തേക്കാൾ 2,000 കുട്ടികൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം പാരിപ്പിള്ളി ഗവ. എൽ.പി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ മൂന്ന് ഡിവിഷനായിരുന്നു. ഇത്തവണ അവിടെ 155 കുട്ടികൾ കഴിഞ്ഞ വർഷത്തേക്കാൾ അധികം ചേർന്നു. തൊളിക്കോട് എൽ.പി സ്കൂളിൽ 100 കുട്ടികളാണ് ഇക്കുറി ഒന്നിൽ ചേർന്നത്. കൊല്ലം ജില്ലയിൽ പല സ്കൂളുകളിലും ഒന്നാം ക്ലാസിൽ ഡിവിഷൻ വർധിച്ചതായി എസ്.എസ്.എ പ്രോജക്ട് ഒാഫിസർ രാധാകൃഷ്ണൻ പറഞ്ഞു.
മറ്റു ജില്ലകളിലും വർധനയുണ്ടെന്നാണ് സൂചന. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ആസൂത്രിത പ്രവർത്തനങ്ങളാണ് നടത്തിയത്. സ്കൂളുകളുടെ മികവ് പൊതുസമൂഹെത്ത ബോധ്യപ്പെടുത്താൻ അവധിക്കാലത്തും വ്യത്യസ്തവും ആകർഷകവുമായ പരിപാടികൾ നടത്തി. കുട്ടികളുടെ ഭാഷാപരവും വൈജ്ഞാനികവുമായ വളർച്ചയും വിദ്യാലയങ്ങളുടെ സമഗ്ര മാറ്റവും ലക്ഷ്യംവെച്ച് അഞ്ച് വർഷത്തെ മാസ്റ്റർ പ്ലാൻ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. ഇക്കുറി വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.