കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ പോകുന്നത് ആഗോളീകരണത്തിന്‍റെ ഭാഗമായാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കേരളത്തെ നോളജ് സൊസൈറ്റിയായി മാറ്റിയെടുത്താൽ വിദ്യാർഥികളെ ഇവിടെത്തന്നെ പിടിച്ചുനിർത്താൻ കഴിയും. ഇതിനായി ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പണം ഇല്ലെന്ന പ്രശ്നം ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കരുതെന്ന ശാഠ്യം സർക്കാറിനുണ്ട്. പഠനത്തോടൊപ്പം ജോലി ചെയ്യാം എന്നതാണ് വിദേശ രാജ്യങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്. എന്നാൽ, ഈ സംവിധാനം കേരളത്തിലും ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഹയർ എജുക്കേഷൻ സർവേ അനുസരിച്ച് എൻറോൾമെന്‍റ് നിരക്ക് 42.3 ശതമാനമായി ഉയർന്നിട്ടുണ്ട്. 2017ൽ ഇത് 37.4 ശതമാനമായിരുന്നു.
വിദേശ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കുട്ടികളെ ചാക്കിട്ട് പിടിക്കുന്ന രീതിയുമുണ്ട്. ഗുണനിലവാരമില്ലാത്ത സർവകലാശാലകളിലാണ് പലപ്പോഴും കുട്ടികളെത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.