തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ സ്കൂൾകുട്ടികളുടെ വിവരങ്ങൾ കൈമാറുന്നത് വിദ്യാഭ്യാസവകുപ്പിന്റെ പരിശോധനയില്ലാതെ. സമയം അതിക്രമിച്ചെന്ന കാരണം പറഞ്ഞ് വിദ്യാർഥികളുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടലിൽ നേരിട്ട് അപ്ലോഡ് ചെയ്യാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചത്. സ്കൂളുകൾ നൽകുന്ന വിവരങ്ങളിൽ വരുന്ന പിഴവ് ഭാവിയിൽ സംസ്ഥാനത്തിന് തന്നെ തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക.
വിദ്യാർഥിപ്രവേശനവുമായി ബന്ധപ്പെട്ട് ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികളുടെ 20 ഇനം വിവരങ്ങൾ സമ്പൂർണ പോർട്ടൽ വഴി വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം ആവശ്യപ്പെട്ടത് 65 ഇനം വിവരങ്ങളാണ്. സമ്പൂർണ പോർട്ടലിൽ ലഭ്യമായ വിവരങ്ങൾക്ക് പുറമെയുള്ള 45 ഇനം വിവരങ്ങൾ സ്കൂളുകളോട് നേരിട്ട് യുഡൈസ് പോർട്ടലിൽ ചേർക്കാനാണ് നിർദേശിച്ചത്. വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ, ബജറ്റ് വിഹിതം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികളുടെ വിവരശേഖരണം നടത്തുന്നതെന്നാണ് കേന്ദ്ര നിലപാട്. വിവിധ സ്കോളർഷിപ് പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച പരിശോധനയും ശേഖരിക്കുന്ന േഡറ്റ വഴി കേന്ദ്രസർക്കാർ നടത്തിയേക്കും. ഇതിനുള്ള വിവരങ്ങളിൽ പരിശോധനയില്ലാതെ നേരിട്ട് സ്കൂളുകൾ കേന്ദ്രസർക്കാർ പോർട്ടലിലേക്ക് നൽകുന്നതിലെ അപകടം വിദ്യാഭ്യാസവകുപ്പ് തിരിച്ചറിയാതെപോയി.
സമ്പൂർണയിലുള്ള വിവരങ്ങൾക്ക് പുറമെ ആവശ്യമായ വിവരങ്ങൾ കൈറ്റിന്റെ നിയന്ത്രണത്തിൽ സമ്പൂർണയിലൂടെ സമർപ്പിക്കാൻ സ്കൂളുകൾക്ക് അവസരം നൽകാനായിരുന്നു ധാരണ. ആവശ്യമായ പരിശോധനക്ക് ശേഷം നിർബന്ധമായും നൽകേണ്ട വിവരങ്ങൾ വിദ്യാഭ്യാസവകുപ്പ് കേന്ദ്രസർക്കാറിന് നൽകുന്ന രീതിയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അടിയന്തരമായി വിവരങ്ങൾ ലഭ്യമാക്കണമെന്ന മുന്നറിയിപ്പും ഇതുസംബന്ധിച്ച വിവരങ്ങൾ സ്കൂൾതലത്തിലേക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയതും നിശ്ചയിച്ച രീതി തകിടം മറിച്ചു. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർഥികളുടെ വിവരങ്ങൾ ബന്ധപ്പെട്ട വിഭാഗം അഡ്മിഷൻ സെല്ലിൽ നിന്ന് സമ്പൂർണ വഴി ശേഖരിക്കാനും തീരുമാനിച്ചിരുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികളുടെ വിവരങ്ങൾ സമ്പൂർണയിൽ ചേർക്കുന്നതിനുള്ള നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കത്തും നൽകിയിരുന്നു.
ആഗസ്റ്റിനകം വിവരങ്ങൾ നൽകണമെന്ന നിർദേശം വന്നതോടെ കഴിഞ്ഞ 23ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും നിർദേശങ്ങൾ നൽകുകയുമായിരുന്നു.
സമ്പൂർണയിൽ ലഭ്യമല്ലാത്തതും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതുമായ അധിക വിവരങ്ങൾ യുഡൈസിലേക്ക് ശേഖരിച്ച് നൽകാൻ മന്ത്രിതന്നെ യോഗത്തിൽ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.