അദ്വൈതയും അഞ്ജലിയും

ജീവനായിരുന്നു ആ മാല, അദ്വൈതയുടെ സത്യസന്ധതക്ക് തനിത്തങ്കത്തേക്കാൾ തിളക്കം, സ്വർണമോതിരമണിയിച്ച് അഞ്ജലിയുടെ ​സ്നേഹം

പത്തനംതിട്ട: കൂട്ടുകാരിയല്ല, കൂട​പ്പിറപ്പിനെപ്പോലെയാണെന്ന് അഞ്ജലി, തനിക്കും കൂടപ്പിറപ്പാണെന്ന് പറഞ്ഞ് ചേർന്നുനിന്ന് അദ്വൈത. ആ കൂടിക്കാഴ്ചക്ക് തനിത്തങ്കത്തെക്കാൾ ഇരട്ടി തിളക്കമായിരുന്നു. പിന്നെ, ആ വിരലിൽ സ്വർണമോതിരം അണിയിക്കാതെങ്ങിനെ? ചെറുകോൽ സ്വദേശിയായ അഞ്ജലിക്ക് കഴിഞ്ഞ ദിവസമാണ് യാത്രക്കിടെ നഷ്ടമായ താലിമാല റാന്നിയിലെ ജ്വല്ലറിയിൽ കിട്ടിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ മാല വിദ്യാർഥിനി കൊണ്ടുവന്ന് ഏൽപ്പിക്കുകയായിരുന്നുവെന്നായിരുന്നു ജ്വല്ലറി അധികൃതർ അറിയിച്ചത്.

മാല പൊലീസ് സ്റ്റേഷനിൽ നിന്ന് കിട്ടിയെങ്കിലും തീപിടിച്ച പോലെ സ്വർണവില പായുന്ന കാലത്ത് ആ നല്ല കാര്യം ചെയ്ത ആളെ കാണാൻ തന്നെയായിരുന്നു അഞ്ജലിയുടെ പ്ളാൻ. ഒടുവിൽ അന്വേഷണം എത്തിനിന്നതാവട്ടെ, റാന്നി സ്വദേശിയും മുത്തൂറ്റ് കോളജ് വിദ്യാർഥിനിയുമായ അദ്വൈതയിലും.

‘പറഞ്ഞറിയിക്കാനാവാത്ത മൂല്യമുണ്ട് ഈ മാലക്ക്. ഒരു മരണാനന്തര ചടങ്ങിന് ​പോയി വരുന്നവഴിയാണ് ബസിൽ മാല നഷ്ടമായത്. തുടർന്ന് ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവി​നെ വിവരമറിയിച്ചു. മാല തിരിച്ചുകിട്ടുമെന്ന് അദ്ദേഹമാണ് ആശ്വസിപ്പിച്ചത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും നിർദേശിച്ചു. പിറ്റേ ദിവസം സ്റ്റേഷനിൽ പരാതി നൽകാൻ എത്തി വിവരം പറഞ്ഞതിന് പിന്നാലെ, മാല കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനിൽ നിന്ന് സന്തോഷം കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു’ പറയുമ്പോൾ പോലും അഞ്ജലിയുടെ കണ്ണ് നിറയു​ന്നുണ്ടായിരുന്നു.

‘കോളജ് വിട്ട് പോകുന്ന വഴിക്കാണ് മാല കണ്ടത്. പൊയ്യാനി ജംഗ്ഷനിൽ റോഡരികിൽ നിന്നാണ് മാല കിട്ടിയത്. പരിശോധിച്ചപ്പോൾ സ്വർണമാലയാണെന്നും താലിമാലയാണെന്നും മനസിലായി. പോകാനുള്ള ധൃതിയുണ്ടായിരുന്നു. അതുകൊണ്ടുത​ന്നെ മാല അടുത്തുള്ള ജ്വല്ലറിയിൽ ഏൽപ്പിച്ച് മടങ്ങുകയായിരുന്നു,’ അദ്വൈത പറഞ്ഞു. തന്റെ നമ്പർ ജ്വല്ലറി ജീവനക്കാർ ചോദിച്ചെങ്കിലും പേടിച്ച് നൽകിയില്ല. കഴിഞ്ഞ ദിവസം അധ്യാപികയാണ് ആദ്യം തന്നെ തിരഞ്ഞെത്തിയതെന്ന് അദ്വൈത പറഞ്ഞു.

സ്വർണത്തേക്കാൾ തിളക്കമുള്ള അദ്വൈതയുടെ സത്യസന്ധതക്ക് വിരലുകളിലൊന്നിൽ സ്വർണമോതിരം അണിയിച്ചായിരുന്നു അഞ്ജലിയുടെ ആശംസ. പിന്നാലെ, ജ്വല്ലറിയുടമയുടെ വകയും സമ്മാനം. കുട്ടികൾ മാതൃകയാക്കി വളരട്ടെയെന്ന് കമന്റ്. ജ്വല്ലറിയുടമ നല്ലവനായതുകൊണ്ടാണ് മാല സ്റ്റേഷനി​ൽ എത്തിച്ചതെന്ന് അദ്വൈതയുടെ വക തിരിച്ചും സ്നേഹം. ‘ദേ ഇവളെ ഞാനങ്ങിനെ വിട്ടുകളയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന്’ പറഞ്ഞ് ചേർത്തുപിടിച്ച് അഞ്ജലിയും. ആശങ്കയുടെ ഒരുപകലിരവിന്റെ അവസാനം നന്മയുടെയും സത്യസന്ധതയുടെയും നല്ല നിമിഷത്തിലൂടെ പര്യവസാനം.

Tags:    
News Summary - student returns gold chain got from road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.