കൊച്ചി: പത്താംക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൈകോടതിയിൽ ജാമ്യഹരജി നൽകിയെങ്കിലും പിൻവലിച്ചു. ഗുരുതര ആരോപണമാണ് ഇയാൾക്കെതിരെയുള്ളതെന്നും അന്വേഷണം കഴിയട്ടെയെന്നും വ്യക്തമാക്കിയ ജസ്റ്റിസ് പി. ഗോപിനാഥ്, ജാമ്യഹരജി തള്ളുമെന്ന് സൂചനയും നൽകി. ഇതിനുപിന്നാലെ പ്രതിയായ കാട്ടാക്കട സ്വദേശി പ്രിയരഞ്ജന്‍റെ അഭിഭാഷകൻ ഹരജി പിൻവലിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ നേരത്തേ കോടതിയിൽ കേസ് ഡയറിയും സി.സി ടി.വി ദശ്യങ്ങളും ഹാജരാക്കിയിരുന്നു. ഇതടക്കം പരിശോധിച്ചാണ് ജാമ്യഹരജി തള്ളുമെന്ന് കോടതി സൂചന നൽകിയത്. സൈക്കിളിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആദിശേഖർ എന്ന വിദ്യാർഥിയെ മുൻവൈരാഗ്യത്തിന്‍റെ പേരിൽ പ്രതി പിന്നിൽനിന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ആഗസ്റ്റ് 30നാണ് സംഭവം. ക്ഷേത്ര മതിലിനരികിൽ പ്രതി മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തതിൽ പ്രതിക്ക് വിരോധമുണ്ടായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കൾ മൊഴി നൽകിയിരുന്നു. ഇത് കണക്കിലെടുത്തും സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയുമായി ഫോണിൽ സംസാരിച്ച് കാറെടുത്തപ്പോൾ വിദ്യാർഥിയുടെ സൈക്കിളിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രതിയുടെ വാദം. പുതിയ വൈദ്യുതി കാറായിരുന്നതിന്‍റെ പരിചയക്കുറവും കാരണമായി. തനിക്കെതിരെ കൊലപാതകക്കുറ്റം ചുമത്താനാകാത്ത സാഹചര്യത്തിൽ സെപ്റ്റംബർ 13ന് അറസ്റ്റിലായ തനിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.