മാർത്താണ്ഡവർമ്മ പാലം ആലുവ 

അറ്റകുറ്റപ്പണികൾ പൂർത്തിയായി; മാർത്താണ്ഡവർമ്മ പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും

ആലുവ: അറ്റകുറ്റപ്പണികൾ നടത്തിയ മാർത്താണ്ഡവർമ്മ പഴയ പാലം വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. വ്യാഴാഴ്ച്ച രാവിലെ മുതലാണ് പാലത്തിലൂടെ ഗതാഗതം അനുവദിക്കുക. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാലപ്പഴക്കം ഏറെയുള്ള പാലത്തിന് അടിയന്തിര അറ്റകുറ്റ പണികൾ വേണ്ടിവന്നിരുന്നു. ഇതിനായി കഴിഞ്ഞ മാസം 28നാണ് പാലം അടച്ചത്. വെള്ളിയാഴ്ച്ച വരെ പാലം അടച്ചിടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ദേശീയപാതയിലെ രൂക്ഷമായ ഗതാഗത കുരുക്ക് കണക്കിലെടുത്ത് എത്രയും വേഗം പാലം തുറക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

മൈക്രോ കോൺക്രീറ്റിങ്, എക്സ്പാൻഷൻ ജോയിന്റുകളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ, ബെയറിങ് ജോലികൾ തുടങ്ങിയവയായിരുന്നു പ്രധാന അറ്റകുറ്റപ്പണികൾ. ഇവയെല്ലാം പൂർത്തിയായതായാണ് അറിവ്. പാലത്തിൻ്റെ അടിയിലെ ബെയറിങ്ങുകളിൽ കഴിഞ്ഞ ദിവസം ഗ്രീസിട്ടിരുന്നു. പാലത്തിൽ പ്രഷർ പമ്പ് ഉപയോഗിച്ച് പൂർണമായി കഴുകി വൃത്തിയാക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി പാഴ്ച്ചെടുകൾ വെട്ടിക്കളഞ്ഞിരുന്നു.

പാലത്തിലെ ആർച്ചുകളുടെയും അവയെ ബന്ധിപ്പിക്കുന്ന ബീമുകളുടെയും അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. ബീമുകളിൽ പല ഭാഗത്തും തേപ്പ് അടർന്ന് കമ്പി പുറത്തു കാണുന്ന തരത്തിലായിരുന്നു. ഇത്തരം ഭാഗങ്ങളിലാണ് പ്ലാസ്‌റ്റർ ചെയ്തത്. ഇത്തരത്തിൽ പ്ലാസ്റ്റർ ചെയ്തില്ലെങ്കിൽ കമ്പികൾ തുരുമ്പെടുത്ത് ബലക്ഷയമുണ്ടാകും. ഇത് പാലത്തിന് ദോഷം ചെയ്യും.

മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റ പണികൾക്ക് ശേഷം തുറക്കുമ്പോൾ യാത്രക്കാർക്കും നാട്ടുകാർക്കും പൊലീസിനും ഒരു പോലെ ആശ്വാസമാണ് നൽകുന്നത്. ഇതോടെ ഒരാഴ്ച്ചയായി തുടരുന്ന രൂക്ഷമായ യാത്രാ ദുരിതത്തിന് അറുതിയാവുമെന്നാണ് പ്രതീക്ഷ. പണികൾക്കായി പാലം അടച്ചതിനാൽ ഏറെ ദൂരം വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. ഇതു മൂലം യാത്രക്കാർക്ക് ലക്ഷ്യങ്ങളിലെത്തിച്ചേരാൻ ഏറെ സമയം വേണ്ടി വന്നിരുന്നു.

Tags:    
News Summary - Maintenance Completed: Marthandavarma Bridge to Reopen Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.