ഓണക്കാലത്ത് എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

കൊച്ചി : ഓണക്കാലത്തോടനുബന്ധിച്ച് കോവിഡ് 19 വ്യാപനം വർധിക്കാതിരിക്കാൻ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കലക്ടർ എസ്. സുഹാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാന തല നിർദേശങ്ങൾ അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. സൂപ്പർമാർക്കറ്റുകൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ കടകളിൽ കച്ചവടം പാടുള്ളൂ. പ്രവേശിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം കടയുടെ മുന്നിൽ പ്രദർശിപ്പിക്കണം. ഓണക്കാലത്ത് ജില്ലയിൽ കൂടുതലായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ എത്തുമെന്നതിനാൽ സംസ്ഥാനതല പഠനത്തിന് ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കും.

ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും കൂടുതൽ ആളുകൾ എത്തുമെന്നതിനാൽ വിമാനത്താവളം ഉൾപ്പടെയുള്ള ഉള്ള സ്ഥലങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ കലക്ടർ നിർദേശം നൽകി. ഓണസദ്യ വീടുകളിൽ മാത്രമേ അനുവദിക്കൂ. അത്തച്ചമയം പോലുള്ള ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തുന്നതിനെ പറ്റി ചർച്ചകൾ നടന്നു വരികയാണ്. ഓണത്തോട് അനുബന്ധിച്ചുള്ള പ്രദർശനങ്ങൾ അനുവദിക്കില്ല. ഓണക്കാലത്തെ ക്രമീകരണങ്ങൾ സംബന്ധിച്ചു വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുമായി ചർച്ച ചെയ്തു കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കും. ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സാമൂഹിക അകലം പാലിച്ചു കൊണ്ട് ആളുകൾക്കിരുന്ന് ഭക്ഷണം കഴിക്കാൻ ഉള്ള അനുവാദം നൽകി. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും ഹോം സ്റ്റേകളും കർശന നിയന്ത്രങ്ങൾ പാലിച്ചു കൊണ്ട് തുറക്കാൻ അനുവാദം നൽകുന്നതിന് നടപടികൾ സ്വീകരിക്കും. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ ഇടക്കിടെ അണുനശീകരണം നടത്തണം.

ജില്ലയിലെ ക്ലസ്റ്ററുകൾ ആയ ആലുവ, കീഴ്മാട് പ്രദേശങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ചെല്ലാനം മേഖലയിൽ കേസുകൾ പുതുതായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഫോർട്ട്‌ കൊച്ചി, നെല്ലിക്കുഴി മേഖലകളിൽ രോഗ വ്യാപനം തുടരുകയാണ്. ഫോർട്ട്‌ കൊച്ചി ക്ലസ്റ്ററിലെ രോഗ വ്യാപനം കുറഞ്ഞ പ്രദേശങ്ങളിൽ ഇളവുകൾ അനുവദിക്കുന്ന വിഷയത്തിൽ ആരോഗ്യ വകുപ്പും പോലീസുമായി പ്രത്യേക ചർച്ച നടത്തുമെന്ന് കളക്ടർ പറഞ്ഞു. ആയവന, തുറവൂർ, കോതമംഗലം മേഖലകളിൽ കേസുകളുടെ എണ്ണം വർധിക്കുകയാണ്. നെല്ലിക്കുഴി മേഖലയിൽ നിന്നും സമീപ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാവുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് കോതമംഗലം മാർക്കറ്റ് അടക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി. പ്രദേശത്തു കൂടുതൽ ടെസ്റ്റിംഗ് നടത്തും. കോതമംഗലത്തു പ്രവർത്തിക്കുന്ന വ്യാപാരികളിൽ സെന്‍റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി പരിശോധന നടത്തും. വ്യാപാരി പ്രതിനിധികളും ജനപ്രതിനിധികളും പോലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് ആലുവ മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച മാർക്കറ്റ് തുറക്കും. മാർക്കറ്റിൽ അണുനശീകരണം നടത്തും. മൊത്ത വ്യാപാരം ആയിരിക്കും ആദ്യ ദിവസങ്ങളിൽ അനുവദിക്കുന്നത്.

ചമ്പക്കര മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ മാർക്കറ്റിലെ ക്രമീകരണങ്ങൾ തീരുമാനിക്കാൻ മാർക്കറ്റ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. കമ്മിറ്റിയുടെ നിർദേശങ്ങൾ പരിഗണിച്ച ശേഷം മാർക്കറ്റ് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകും. നിലവിൽ ജില്ലയിൽ ശരാശരി 5000ഓളം ടെസ്റ്റുകൾ ആണ് ദിവസേന നടത്തുന്നത്. സർക്കാർ ലാബുകളിൽ 600-700 വരെ ആർ. ടി. പി. സി. ആർ പരിശോധന നടത്തുന്നുണ്ട്. പബ്ലിക് ഹെൽത്ത്‌ ലാബിലെ പുതിയ ആർ. ടി. പി. സി. ആർ ഉപകരണത്തിന്റെ പരീക്ഷണം നടന്നു വരികയാണ്. നിലവിൽ 50 സാമ്പിളുകൾ പുതിയ ഉപകരണത്തിൽ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിലും ക്ലസ്റ്ററുകളിലും ആയി ശരാശരി 900 ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നുണ്ട്. സ്വകാര്യ ലാബുകളിലും ആശുപത്രികളിലുമായി 3500 സാമ്പിളുകളുടെ പരിശോധന നടത്തുന്നുണ്ട്. വീഡിയോ കോൺഫറൻസ് ചർച്ചയിൽ മന്ത്രി വി. എസ്. സുനിൽകുമാർ, ഡി. എം. ഒ ഡോ. എൻ. കെ. കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.