ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാർക്ക് എതിരെ കർശന നടപടി

അവധി നൽകാത്തതിൽ പ്രതിഷേധിച്ച് ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാർക്ക് എതിരെ കർശന നടപടി. ചാല സർക്കിളിൽ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാർ സമരം എന്ന പേരിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവർത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതായി തിരുവനന്തപുരം കോർപറേഷൻ അറിയിച്ചു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തിൽ അനുവദനീയമാണ്.

അത് ആവശ്യവുമാണ്. എന്നാൽ ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങൾക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കു. ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തിൽ ആ ജീവനക്കാർ ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെയും മുഖം ഒന്ന് ഓർത്തിരുന്നുവെങ്കിൽ ക്രൂരവും നിന്ദ്യവുമായ ഈ പ്രവർത്തി ചെയ്യാൻ നിശ്ചയമായും അറയ്ക്കുമായിരുന്നു. യാതൊരുവിധ മനുഷ്യത്വവും ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാൻ അനുവദിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് കണ്ടത്.

11 പേരാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടത്. അവരിൽ ഏഴ് പേർ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. ബാക്കി നാലുപേർ താൽക്കാലിക ജീവനക്കാരാണ്. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിക്കുകയും ചെയ്തു.

തിരുവനന്തപുരം കോർപ്പറേഷനിലെ ചാല സർക്കിളിൽ നടന്ന ഓണാഘോഷത്തിനിടെയാണ് ജീവനക്കാർ ഭക്ഷണം മാലിന്യത്തിൽ നിക്ഷേപിച്ചത്. ആഘോഷപരിപാടിയ്‌ക്കിടെ ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടരുതെന്ന് ജീവനക്കാർക്ക് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. രാവിലെ ഓണാഘോഷം ആരംഭിക്കാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽക്ക് ഇൻസ്‌പെക്ടർ പറയുകയായിരുന്നു. ഇതാണ് ജീവനക്കാരെ പ്രകോപിതരാക്കിയത്.തുടർന്ന് മുദ്രാവാക്യം വിളിയോടെയാണ് ഇവർ സദ്യ മാലിന്യക്കൂമ്പാരത്തിൽ തളളിയത്.

Tags:    
News Summary - Strict action against employees who throw food in garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.