‘ഏകനേ യാ അല്ലാഹ്​’; കേട്ടിട്ടുണ്ടോ.., തമിഴ്​നാട്ടിലെ തീരഗ്രാമങ്ങളിൽ ഏറെ പരിചിതമായ മുസ്ലിം ഭക്തിഗാനം; അവിടെ വിവാദങ്ങളില്ല, ആസ്വാദനം മാത്രം

തിരുവനന്തപുരം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയ 'പോറ്റിയേ..കേറ്റിയേ..' എന്ന വൈറൽ ഗാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ശബരിമല സ്വർണക്കൊള്ളക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് അയപ്പ ഭക്തി ഗാനത്തിന്റെ പാരഡിയായി ഗാനം പുറത്തിറക്കിയത്.

പാരഡിഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിച്ചെന്ന് കാണിച്ച് ഡി.ജി.പിക്ക് മുന്നിൽ പരാതി വരെയെത്തി. തൊട്ടുപിറകെ പാട്ട് ഏറ്റവും കൂടുതൽ ക്ഷീണം ചെയ്ത സി.പി.എമ്മുകാർ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതോടെ ചർച്ച മറ്റൊരു തരത്തിലേക്ക് നീങ്ങി.

കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ രാജ്യസഭ അംഗവും സി.പി.എം നേതാവുമായ എ.എ റഹീം എം.പി വിമർശനവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിലുടനീളം ഇടതുപക്ഷം ക്ഷേമവും പെൻഷനും പറയാൻ ശ്രമിച്ചപ്പോൾ, കോൺഗ്രസ് ശ്രമിച്ചത് വിശ്വാസമായിരുന്നുവെന്നായിരുന്നു റഹീമിന്റെ പരാതി. സ്വർണപാളിയുമായി ബന്ധപ്പെട്ട അയ്യപ്പ പാരഡി ഗാനത്തിനാണ് കോൺഗ്രസ് ഊന്നൽനൽകിയത്. മൈക് അനൗൺസ്മെന്റ് പോലും ശരണം വിളി മന്ത്രങ്ങൾകൊണ്ട് നിറക്കാൻ ശ്രമിച്ചു -റഹീം പറഞ്ഞു.

ശരണമന്ത്രത്തെ ദുരുപയോഗപ്പെടുത്തുന്നതായിരുന്നു ആക്ഷേപ ഗാനമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം കുറ്റപ്പെടുത്തി. അയ്യപ്പനെ പറ്റിയുള്ള ശരണമന്ത്രത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ ദുരുപയോഗപ്പെടുത്തുകയാണ്. ഇതിനെതിരെ ഏതെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ ഗൗരവത്തോടെ അന്വേഷിക്കണം. ഏത് മതവിഭാഗത്തിന്റെയും ഭക്തിഗാനങ്ങളെ കുറിച്ച് പാരഡികൾ പാടില്ല. ഇത് മതവികാരത്തെ വ്രണപ്പെടുത്തും. അംഗീകരിക്കാൻ സാധ്യമല്ല -രാജു എബ്രഹാം പറഞ്ഞു.

എന്നാൽ, 1970കളിൽ അയപ്പ ഭക്തി ഗാനമാ‍യി തമിഴ്നാട്ടിൽ പുറത്തിറങ്ങിയ 'പള്ളിക്കെട്ട് ശബരിമലക്ക്' എന്ന ഗാനം വീരമണിയാണ് ആലപിച്ചത്. പതിറ്റാണ്ടുകളായി ഈ പാട്ടിന്റെ ഈണമുള്ള ഗാനങ്ങളും പാരഡികളും തമിഴ്നാട്ടിലും കേരളത്തിലും ഉണ്ടായിട്ടുണ്ട്.

തമിഴ്നാട്ടിൽ ഏറെ പ്രശസ്തമായ മുസ്ലിം ഭക്തി ഗാനമായ 'ഏകനേ..യാ ആല്ലാഹ്..' https://youtu.be/IRbe-UqeEzU?si=eOGIUypbL8iwfbYZ എന്ന് തുടങ്ങുന്ന ഗാനത്തിനും ഇതേ ഈണമാണ്. തമിഴ്​നാട്ടിലെ തീരഗ്രാമങ്ങൾ പതിറ്റാണ്ടുകളായി പാടിക്കൊണ്ടിരിക്കുന്ന ഈ ഈണം ഹൈന്ദവ ഗാനത്തിന്‍റെ അനുകരണമെന്ന്​ ഇതുവരെ ഉയർന്ന് കേട്ടിട്ടില്ല. 17 വർഷം മുൻപ് യൂട്യൂബിൽ അപ്ലോഡ് ചെയ്ത ‘ഏകനേ യാ അല്ലാഹ്​’ എന്ന മുസ്​ലിം ഭക്​തിഗാനം ഏതാണ്ട് 50 ലക്ഷത്തോളം പേരാണ് കണ്ടത്. നാളിതുവരെ അതിനെതിരെ മറ്റ് അവകാശവാദങ്ങളും ആരും ഉയർത്തിട്ടില്ല. 

മാത്രമല്ല, കേരളത്തിൽ പലകാലളിലായി തെരഞ്ഞെടുപ്പ് പ്രചാരണ പാരഡിഗാനമായി ഈ ഈണം ഉപയോഗിച്ചിട്ടുമുണ്ട്. 1994ൽ ​ദിലീപ്, നാദിർഷ നേതൃത്വത്തിൽ പുറത്തിറക്കിയ ​‘ദേ മാവേലികൊമ്പത്ത്’ എന്ന ഹാസ്യ കാസറ്റ് പരമ്പരയിൽ അയ്യപ്പ ഭക്തിഗാന പാരഡി ഹിറ്റായിരുന്നു. കലാഭവൻ മണിയും നാദിർഷായും ചേർന്ന് സ്റ്റേജ് ഷോയിൽ പാടി, 11 വർഷം മുമ്പ് കൈരളി ടി.വി യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത പാട്ട് സി.പി.എമ്മിന് തന്നെ പാരയായിട്ടുണ്ട്. ‘മന്ത്രിക്കേറെ, സ്പീഡിൽ പോണം.. മന്ത്രിക്കാറ് ​ൈഫ്ലറ്റിന് തുല്ല്യം. മന്ത്രിയേ പയ്യെപ്പോ, പയ്യെപ്പോ മന്ത്രിയേ...’ എന്ന വരികൾ ‘സ്വാമിയേ.. അയ്യപ്പോ..’ എന്ന ഈണത്തിലായിരുന്നു ആലപിച്ചത്.

ഭക്തിഗാന ശൈലിയിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങൾ മതവികാര​ങ്ങളെ വ്രണപ്പെടുത്തുമെന്ന് സി.പി.എം നേതാക്കളുടെ വിമർശനത്തിനിടെയാണ് പഴയ പാട്ടും പൊങ്ങിവരുന്നത്. ഈ തെരഞ്ഞെടുപ്പിൽ തന്നെ എൽ.ഡി.എഫും ബി.ജെ.പിയും സമാന ഈണത്തിൽ ഗാനമിറക്കിയെന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ട്.

'പാട്ടിൽ സി.പി.എം ലക്ഷ്യം വർഗീയത'; മുന്നറിയിപ്പുമായി വി.ടി.ബൽറാം

'പോറ്റിയേ..കേറ്റിയേ..' എന്ന പാരഡി ഗാനത്തിനെതിരെ സി.പി.എം രംഗത്തുവരുന്നത് കൈവിട്ട കളിയാണ്‌ കളിയാണെന്നും കേരളം ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.

പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ്‌ സി.പി.എം വഴിതുറക്കുന്നത്‌. പാട്ടെഴുതിയ ആളുടേയും മറ്റ്‌ അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന്‌ ശേഷമാണ്‌ ഇത്‌ മതനിന്ദയാണ്‌ എന്ന നിലയിലുള്ള പ്രചരണത്തിന്‌ സി.പി.എമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നതെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. മറ്റ്‌ പല വിഷയങ്ങളിലുമെന്നത്‌ പോലെ സി.പി.എം ഇതും വർഗീയ വിഷയമാക്കുകയാണെന്നും ബൽറാം പറയുന്നു.

വൈറൽ ഗാനം എഴുതിയത് പ്രവാസി മലയാളി

നാല് പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറമാണ് ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’... എന്ന പാട്ടിന്റെ വരികൾ എഴുതിയത്. അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി.

Tags:    
News Summary - ayyappa devotional song parody controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.