തെരുവുനായ്ക്കള്‍ ജീവനെടുക്കുന്നു; വന്ധ്യംകരണം ഒച്ചിഴയും വേഗത്തില്‍

കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും നായ് വന്ധ്യംകരണ നടപടി ഒച്ചിഴയും വേഗത്തില്‍. വന്ധ്യംകരണത്തിന് വേണ്ടിവരുന്ന ചെലവ് താങ്ങാനാകാത്തതും സര്‍ക്കാര്‍ സഹായമില്ലാത്തതുമാണ് തദ്ദേശസ്ഥാപനങ്ങളെ പിന്തിരിപ്പിക്കുന്നത്.
കേരളത്തിലെ തെരുവുനായ് ശല്യം സംബന്ധിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ്് സിരിജഗന്‍ കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്ത് 2,68,994 തെരുവുനായ്ക്കളുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ വാദമനുസരിച്ച് ഇതിന്‍െറ ഇരട്ടിയോളം വരും എണ്ണം. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് മുന്‍കൈയെടുത്തത് കൊച്ചി കോര്‍പറേഷനാണ്. എന്നാല്‍, 2015 മേയില്‍ കൊച്ചിയിലെ ബ്രഹ്മപുരത്ത് പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തില്‍ ആറുമാസംകൊണ്ട് വന്ധ്യംകരിച്ചത് 1111 നായ്ക്കളെയാണെങ്കില്‍ ഒന്നരവര്‍ഷം കഴിയുമ്പോഴും എണ്ണം 2166 മാത്രം. തിരുവനന്തപുരത്താകട്ടെ എണ്ണം 2100ല്‍ എത്തിനില്‍ക്കുന്നു.

ഈ ‘വേഗത’യിലാണ് പോകുന്നതെങ്കില്‍ രണ്ടേമുക്കാല്‍ ലക്ഷം തെുരവുനായ്കളെ വന്ധ്യംകരിക്കാന്‍ കാല്‍ നൂറ്റാണ്ടെടുക്കും.
70 ശതമാനം നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാലെ തെരുവുനായ് നിയന്ത്രണത്തെക്കുറിച്ച് പ്രതീക്ഷയെങ്കിലും പുലര്‍ത്താനാകൂവെന്നാണ് സിരിജഗന്‍ കമ്മിറ്റി വിശദീകരിക്കുന്നത്.  സംസ്ഥാനത്ത് വളരെ അപൂര്‍വം നഗരസഭകള്‍ക്ക് മാത്രമാണ് തെരുവുനായ് വന്ധ്യംകരണ സംവിധാനമുള്ളത്. വന്ധ്യംകരണ കേന്ദ്രം സജ്ജമാക്കല്‍, നായ്ക്കളെ പിടികൂടി എത്തിക്കാനുള്ള വാഹനം, വന്ധ്യംകരണത്തിന് മുമ്പും ശേഷവും പാര്‍പ്പിക്കാനുള്ള ഷെഡ് നിര്‍മിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ അരക്കോടിയോളം രൂപ ചെലവുവരുമെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ പരാതി. ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നുമില്ല. ഇതിനുപുറമെയാണ് വന്ധ്യംകരണ ചെലവ്. തെരുവില്‍നിന്ന് പിടികൂടി കേന്ദ്രത്തിലത്തെിച്ച് വന്ധ്യംകരിച്ച് പിടികൂടിയ സ്ഥലത്തുതന്നെ തിരിച്ചുവിടുമ്പോള്‍ ഒരു നായ്ക്ക് മാത്രം ആയിരത്തിലധികം രൂപ ചെലവുവരും.

Tags:    
News Summary - street dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.